എല്‍ഡിഎഫ് സിറ്റിങ് സീറ്റുള്‍പ്പെടെ നാല് സീറ്റും പിടിച്ചു; കോഴിക്കോട് ഇടതിന് അടിത്തറ നഷ്ടമായി: യുഡിഎഫ്
കോഴിക്കോട്: ഇന്ന് പുറത്ത് വന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെ കോഴിക്കോട് ജില്ലയില്‍ എല്‍ ഡി എഫിന് അടിത്തറ നഷ്ടമായെന്ന് യു ഡി എഫ് ജില്ലാ നേതൃത്വം. ജില്ലയിൽ നാലു വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളും പിടിച്ചെടുത്തു കൊണ്ട് യു ഡി എഫ് വൻ മുന്നേറ്റം നടത്തി. ജനങ്ങളെ നിരന്തരമായി ദ്രോഹിക്കുകയും പഞ്ചായത്ത് രാജ് അട്ടിമറിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന് എതിരെയുള്ള കൃത്യമായ പ്രതികരണമാണ് ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്ത് വന്നിട്ടുള്ളതെന്നും യു ഡി എഫ് ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
നവകേരള സദസ് എന്ന രാഷ്ട്രീയ കാപട്യം ജനങ്ങൾ പുച്ഛിച്ചു തള്ളി എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ജില്ലയിലെ എൽ ഡി എഫ് ന്റെ അടിത്തറ പൂർണമായും തകർന്നിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 110 വോട്ടിനു എൽ ഡി എഫ് ജയിച്ച വില്യാപ്പള്ളി പഞ്ചായത്ത് 16 ാം വാർഡ് ചെല്ലിവയലിൽ യു ഡി എഫ് സ്ഥാനാർഥി പ്രകാശൻ മാസ്റ്റർ 311 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നു നഷ്ട്ടപ്പെട്ട വാണിമേൽ പഞ്ചായത്ത് 14 ാം വാർഡ് കൊടിയൂരയിൽ 444 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാർഥി അനസ് നങ്ങാണ്ടി വാർഡ് തിരിച്ചുപിടിച്ചത്.
മടവൂർ പഞ്ചായത്ത് 5 ാം വാർഡ് പുല്ലാളൂരിൽ 234 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാർഥി സിറാജ് ചെറുവലത്തു തെരെഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ യു ഡി എഫിന്റെ ഭൂരിപക്ഷം 90 വോട്ടായിരുന്നു. മാവൂർ പഞ്ചായത്ത് 13 ാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി 271 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ എൽ ഡി എഫ് അവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ഈ വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ യുഡിഎഫ് പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു. യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിച്ച പ്രവർത്തകർക്കും വോട്ട് ചെയ്ത വോട്ടർമാർക്കും നന്ദി പറയുന്നതായും യു ഡി എഫ് നേതൃത്വം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications