കോഴിക്കോട് ജില്ലാ ആശുപത്രിയിൽ രണ്ടു ദിവസത്തിനകം ക്യാമറ സ്ഥാപിക്കും: നീക്കം അക്രമം തടയാന്‍!!
വടകര: വടകര ജില്ലാ ആശുപത്രിയും പരിസരവും ഇനി ക്യാമറ കണ്ണിൽ. ആശുപത്രി പരിസരത്തുണ്ടാകുന്ന സംഘർഷം കണക്കിലെടുത്താണ് ആശുപത്രി അത്യാഹിത വിഭാഗവും,പരിസര പ്രദേശങ്ങളും ക്യാമറയുടെ നിരീക്ഷണത്തിലാക്കാൻ ആശുപത്രി വികസന സമിതി തീരുമാനിച്ചത്.ആശുപത്രിയും,പരിസര പ്രദേശങ്ങളിലുമായി മുപ്പതോളം ക്യാമറകളാണ് സ്ഥാപിക്കുന്നത്.
കോഴിക്കോട് പിയോൺ അസ്സോസിയേറ്റ് എന്ന സ്ഥാപനമാണ് ഒരു യൂണിറ്റിന് 19173 രൂപ നിരക്കിൽ ടെൻഡർ ഏറ്റെടുത്തത്.രണ്ടു ദിവസം കൊണ്ട് ഇതിന്റെ പ്രവൃത്തി പൂർത്തിയാകും.ഇടയ്ക്കിടെ രാഷ്ട്രീയ സംഘർഷത്തിന് വേദിയാകുന്ന ആശുപത്രി പരിസരത്ത് ക്യാമറ സ്ഥാപിക്കണമെന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നു.

രാഷ്ട്രീയ നേതൃത്വം ഒറ്റകെട്ടായി ഈ തീരുമാനത്തെ സ്വാഗതം ചെയ്തതോടെയാണ് വികസന സമിതി പെട്ടെന്ന് തന്നെ ക്യാമറ സ്ഥാപിക്കാൻ തീരുമാനം കൈകൊണ്ടത്.രാഷ്ട്രീയ സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ രാഷ്ട്രീയ എതിരാളികൾ അത്യാഹിത വിഭാഗത്തിൽ വെച്ചടക്കം അക്രമിക്കുന്ന സംഭവം ഏറെ ഉണ്ടായിട്ടുണ്ട്.
പരുക്കേറ്റവരെ സന്ദർശിക്കാനെത്തിയവർക്കും,സംഭവം എന്തെന്നറിയാൻ പോകുന്ന മറ്റു രോഗികളുടെ കൂട്ടിരിപ്പുകാർക്കും മർദ്ദനമേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.നിരവധി തവണ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് ഇത്തരം അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ ക്യാമറ സ്ഥാപിക്കാൻ ആശുപത്രി വികസന സമിതി തീരുമാനം കൈകൊണ്ടത്.












Click it and Unblock the Notifications