ഉരുൾപൊട്ടൽ: കണ്ണപ്പന്‍കുണ്ട് പാലത്തിന് അടിവശത്തെ വിസിബി സൈന്യം പൊളിച്ചു നീക്കി, സൈന്യം രംഗത്ത്!
താമരശേരി: മലവെള്ളം കുത്തിയൊഴുകി മരങ്ങളും പാറക്കല്ലുകളും വന്നടിഞ്ഞ് പുഴ ഗതിമാറി ഒഴുകിയ കണ്ണപ്പന്‍കുണ്ട് പാലത്തിനടിവശത്തെ വെന്റഡ് ക്രോസ് ബാർ പൊളിച്ചു നീക്കി. ലെഫ്റ്റനന്റ് കേണല്‍ തീര്‍ഥാങ്കര്‍, സുബേദാര്‍ കെ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിലെ 60 അംഗ സൈന്യവും ഫയര്‍ഫോഴ്‌സും സ്വകാര്യ കരാര്‍ സൊസൈറ്റിയും ചേര്‍ന്നാണ് പുഴയില്‍ നിന്ന് ഒന്നര മീറ്റര്‍ ഉയരമുള്ള വി. സി. ബിയുടെ ഭാഗങ്ങള്‍ പൊളിച്ചു നീക്കിയത്. ബുധനാഴ്ച രാവിലെ സൈന്യത്തിന്റെയും സ്വകാര്യ കരാര്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് പാലത്തിനടിയിലെ തടസങ്ങള്‍ നീക്കിയശേഷമാണ് വി. സി. ബി പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.

ബുധനാഴ്ച രാവിലെ ആറ് മണിക്ക് തന്നെ സൈന്യം കണ്ണപ്പന്‍കുണ്ടിലെത്തി. ദേശീയപാതയില്‍ നെല്ലാങ്കണ്ടി, ഈങ്ങാപ്പുഴ, വെസ്റ്റ്‌കൈതപ്പൊയില്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഏറെ ശ്രമപ്പെട്ടാണ് സൈന്യം ഇവിടെയെത്തിയത്. ജലസേചന വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചര്‍ച്ച നടത്തിയശേഷമാണ് വി. സി. ബി പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. മലവെള്ള പാച്ചിലുണ്ടായ രണ്ടു തവണയും മരങ്ങളും പാറക്കല്ലുകളും വന്നടിഞ്ഞാണ് കണ്ണപ്പന്‍കുണ്ടില്‍ പുഴ ഗതിമാറിയൊഴുകി നാശനഷ്ടങ്ങളുണ്ടാക്കിയത്. ഈ മാസം ഒമ്പതിനുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണപ്പന്‍കുണ്ടില്‍ ഒരാൾ മരണപ്പെട്ടിരുന്നു. റവന്യൂ വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജലസേചന വകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത്, അധികൃതരും താമരശ്ശേരി പൊലിസും സ്ഥലത്തെത്തി.












Click it and Unblock the Notifications