കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുരസ്‌കാര നിറവില്‍ നരിക്കുനി; മികവില്‍ മിനുക്കിയെടുത്ത ഒരു ഗ്രാമപട്ടണം

  • By Desk
Google Oneindia Malayalam News

നരിക്കുനി: അഴുകിയ പച്ചക്കറികളില്‍ നിന്നും നറുവെളിച്ചം തരുന്ന ബള്‍ബുകള്‍ നിറഞ്ഞു കത്തുന്ന തെരുവ്. അതിനരികെ വൃക്ഷ നിബിഡമായ കാവ്, വൃത്തിയുള്ള തെരുവീഥികള്‍. ഏറ്റവും നല്ല ആരോഗ്യ പരിപാലനത്തിനുള്ള ആരോഗ്യ കേരളം പുരസ്‌കാരത്തിനായി ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നരിക്കുനി ഗ്രാമപഞ്ചായത്തിലെ കാഴ്ചകളാണിവ.

കോഴിക്കോട് നഗരത്തില്‍ നിന്ന് ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന നരിക്കുനി ഒരു നഗരമല്ല. ഈയടുത്ത കാലം വരെ ഗ്രാമത്തിലെ കൃഷിക്കാരുടേയും ചെറുകിട തൊഴിലാളികളുടേയും ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പ്രതിവാര ഗ്രാമീണ ചന്ത ഉണ്ടായിരുന്നു. എന്നാലിന്ന് മൂന്ന് കിലോമീറ്ററോളം ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആസ്ഥാനം ഒരു ചെറുപട്ടണം തന്നെയാണ്.

Narikkuni

വിശാലമായ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍, മികച്ച വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ഈ ചെറു നഗരത്തിലുണ്ട്. ഇവിടെ നിന്ന് അധികം അകലെയല്ലാതെ ഇരുപതോളം ക്യാമ്പുകളിലും വാടക വീടുകളിലുമായി ആയിരത്തോളം അന്യ സംസ്ഥാന തൊഴിലാളികളും നാടിന്റെ ഭാഗമായിരിക്കുന്നു.

അല്‍പം അകലെയായി നരിക്കുനിയെ ചുറ്റി നെല്‍വയലുകളും തോടുകളും കുളങ്ങളുമെല്ലാമുള്ള നാട്ടിന്‍പുറമാണെങ്കില്‍ പോലും പഞ്ചായത്ത് ആസ്ഥാനത്തും പരിസരങ്ങളിലുമുള്ള സ്ഥിരമായ മാലിന്യ സംസ്‌കരണവും ആരോഗ്യപരിപാലനവും പഞ്ചായത്തിന് ഒരു ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. പത്തു വര്‍ഷം മുമ്പ് തന്നെ മാലിന്യസംസ്‌കരണത്തിനുള്ള പദ്ധതികളെക്കുറിച്ചു പഞ്ചായത്ത് അധികൃതര്‍ ചിന്തിച്ചു തുടങ്ങിയിരുന്നു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോടെക് എന്ന ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് 2010ലാണ് യാഥാര്‍ത്ഥ്യമായത്. ഈ പ്ലാന്റിലൂടെ ജൈവമാലിന്യങ്ങള്‍ ബയോഗ്യാസായി മാറ്റുകയും ആ വാതകം ഉപയോഗിച്ചു ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും അതുവഴി സംഭരിച്ച വൈദ്യുതിയാല്‍ രാത്രിയില്‍ തെരുവ് വിളക്കുകള്‍ കത്തിക്കുകയും ചെയ്തു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസകരിക്കാന്‍ പ്രത്യേക ഇടം കണ്ടെത്തുകയും ചെയ്തു.

പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനായി 2016 നവംബര്‍ ഒന്ന് , കേരള പിറവി ദിനത്തില്‍ പഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം നടപ്പാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധന പരിപാടി നിലവില്‍ വരുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ഈ വിജ്ഞാപനം എന്നത് ശ്രദ്ധേയമാണ്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന വ്യാപാരികളില്‍ നിന്ന് മാത്രമല്ല ഉപഭോക്താക്കളില്‍ നിന്നും 1000 രൂപ പിഴയായി ഈടാക്കുമെന്നായിരുന്നു ഈ വിജ്ഞാപനം.

നിയമം കര്‍ശനമായി നടപ്പാക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഓരോ ആഴ്ചയിലും കടകളിലും അങ്ങാടികളിലും മിന്നല്‍പരിശോധന നടത്തി വരുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പരിസരങ്ങളിലും പ്ലാസ്റ്റിക് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അങ്ങാടിയിലെ ഓടകള്‍ വൃത്തിയാക്കാനും കിണറുകളിലെ വെള്ളം ശുചിയായി നില നിര്‍ത്താനും സമഗ്ര ശുചിത്വ നരിക്കുനി എന്ന യജ്ഞമായിരുന്നു അടുത്ത ഘട്ടം. പ്രദേശത്തെ സന്നദ്ധ സംഘടനകളും വാര്‍ഡ് മെമ്പര്‍മാരും ഇതിനായി ഒരുമിച്ചു കൈകോര്‍ത്തു.

പഞ്ചായത്തിന് ലഭിച്ച ഈ പുരസ്‌കാരം പുതിയപദ്ധതി കള്‍ക്കുള്ള പ്രചോദനമായിട്ടുണ്ട്. അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തി നായുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഇപ്പോള്‍ പഞ്ചായത്ത്. ഹരിത കര്‍മ്മസേന വളണ്ടിയര്‍മാരെ ഉപയോഗിച്ച് വേങ്ങേരിയിലെ നിറവിന്റ സഹകരണത്തോടെ ഡോര്‍ ടു ഡോര്‍ പദ്ധതി തയ്യാറായി വരുന്നു.

Kozhikode
English summary
Kozhikode Local News about award in Narikkuni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X