മയ്യന്നൂരിൽ വീടിനു നേരെ ബോംബേറ്, ജനൽ ചില്ലുകൾ തകർന്നു, ബോംബ് സ്ക്വാഡ് പരിശോധന നടത്തി
വടകര: സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മയ്യന്നൂരിനടുത്ത അരിക്കോത്ത് കുട്ടം കുളങ്ങര റോഡിനു സമീപം വീടിനു നേരെ ബോംബേറ്. നടക്കുതാഴ രണ്ടാം മൈൽസിൽ കിണറുള്ള പറമ്പത്ത് താമസിക്കും വലിയ പറമ്പത്ത് മൂസയുടെ വീടിനു നേരെയാണ് ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബെറിഞ്ഞത്.
ബോംബേറിൽ വീടിന്റെ മുൻ ഓഫീസ് മുറിയുടെ ഭാഗത്തെ ജനൽ മൂന്ന് ജനൽ ചില്ലുകൾ തകരുകയും ചുമരിന് വിള്ളലുണ്ടാകുകയും ചെയ്തു. ആളപായമില്ല.ശബ്ദം കേട്ട് പരിസരവാസികൾ ഉറക്കം ഞെട്ടിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.മൂസയുടെ മകനും മയ്യന്നൂരിലെ വ്യാപാരിയുമായ കരീം യൂത്ത് ലീഗ് മയ്യന്നൂർ ശാഖാ സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം മയ്യന്നൂരിലെ ഷിബിൻ ബസ് സ്റ്റോപ്പിന് നേരെ അക്രമമുണ്ടായിരുന്നു.

ഇതിന്റെ പ്രതികാരമാണ് ബോംബേറിൽ കലാശിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്തേക്ക് അക്രമം വ്യാപിപ്പിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ പ്രദേശ വാസികളിൽ പ്രതിഷേധം ഉയർന്നിരിക്കയാണ്.വടകര ഡി.വൈ.എസ്.പി സി.ആർ.സന്തോഷ്,സി.ഐ.ടി.മധുസൂദനൻ നായർ,അഡീഷണൽ എസ്.ഐ.കെ.എ.ഷറഫുദ്ധീൻ,ഡോഗ് സ്‌കോഡ്,വിരലടയാള വിദഗ്ദ്ധർ,ബോംബ് സ്‌കോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications