അമ്മമാര്‍ ധൈര്യമായിരി; കോഴിക്കോട്ട് ഇനി മുക്കിലും മൂലയിലും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍
കോഴിക്കോട്: നഗരത്തില്‍ കൂടുതല്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുപ്പുമായി ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പ്. തിരക്കേറിയ നഗരപ്രദേശങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ അമ്മമാര്‍ക്കിനി മുലയൂട്ടാം. അന്താരാഷ്ട്ര മുലയൂട്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ പത്തിലധികം പ്രധാന കേന്ദ്രങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്ന അവസാനഘട്ട തയ്യാറെടുപ്പിലാണ് ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പ്.
കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കാന്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വാരാചരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫിസില്‍ മുലയൂട്ടല്‍ ബൂത്ത് ആരംഭിച്ചു കഴിഞ്ഞു. നഗരത്തില്‍ സിവില്‍ സ്റ്റേഷനിലും റെയില്‍വേ സ്റ്റേഷനിലും മാത്രമാണ് നിലവില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങളുള്ളത്.

നേരത്തെയുള്ള കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഇത്തരമൊരു സൗകര്യമുള്ള കാര്യം അറിയാനും സാധിച്ചിരുന്നില്ല. ഇവയുടെ അടിസ്ഥാനത്തില്‍ സൗകര്യം വര്‍ധിപ്പിക്കാനും പബ്ലിസിറ്റി നല്‍കാനും തീരുമാനമുണ്ട്. മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ആറിന് കലക്ടര്‍ യോഗം വിളിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംബന്ധിക്കുന്ന യോഗത്തില്‍ കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്യും.
മൊഫ്യൂസല്‍ ബസ്റ്റാന്റ്, പാളയംബസ്റ്റാന്റ്, കെ എസ് ആര്‍ ടി സി സ്റ്റാന്റ് തുടങ്ങിയ ബസ് സ്റ്റാന്റുകളിലും നഗരത്തിലെ വലിയ മാളുകള്‍, ടെക്സ്റ്റയില്‍ കേന്ദ്രങ്ങള്‍, കോഴിക്കോട് ബീച്ചില്‍ പത്തോളം ഇടങ്ങള്‍ എന്നിവടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. അമ്മമാരില്‍ മുലയൂട്ടലിന്റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കാനുമായാണ് അന്താരാഷ്ട്രത്തലത്തില്‍ തന്നെ മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വികസന വകുപ്പ് ജില്ലയില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു.
വനിതാ ശിശുവികസന വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മുലയൂട്ടല്‍ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ലാസ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പോഗ്രാം ഓഫിസര്‍ ടി ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കിഷന്‍ചന്ദ്, രജനി തടത്തില്‍, റോട്ടറി മെംബര്‍ ഡി കരുണാകന്‍, പി ടി സുഷ, ഗിരിജ കരുണന്‍ സംസാരിച്ചു.












Click it and Unblock the Notifications