സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കാർബൺ ന്യൂട്രാലിറ്റി ജില്ലയാക്കി കോഴിക്കോടിനെ മാറ്റും, അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി
വടകര: കോഴിക്കോട് ജില്ലയെ സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രാലിറ്റി ജില്ലയാക്കി മാറ്റുന്നതിന്റെ മുന്നോടിയായി വടകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ,യു.പി.സ്കൂൾ അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി സർക്കാർ രൂപീകരിച്ച എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്.
വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിലുള്ള ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾക്ക് ക്ലാസ്സിൽ വെച്ച് മാർഗ്ഗരേഖയായി. ഇതനുസരിച്ച് സ്കൂളുകളിൽ ഊർജ്ജസംരക്ഷണം, ജലസംരക്ഷണം,ഭക്ഷണം പാഴാക്കുന്നതു തടയൽ എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകും. ഭക്ഷണം പാഴാക്കുമ്പോൾ ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദന-വിപണന-വിതരണ മേഖലകളിൽ ഉപയോഗിക്കപ്പെടുന്ന ഊർജ്ജമാണ് നഷ്ടപ്പെടുന്നത് എന്ന തിരിച്ചറിവിൻെറ അടിസ്ഥാനത്തിലാണ് ഇത്തവണ ഭക്ഷണം പാഴാക്കലിനെതിരെ കൂടി നിലപാടെടുക്കാൻ തീരുമാനമായത്.

ഈ മൂന്ന് തലങ്ങളിലുമുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സ്കൂളുകളിൽ ഒരു നിരീക്ഷണ സമിതി രൂപീകരിക്കും. എസ്പിസി,സ്കൗട്ട്സ്&ഗൈഡ്സ്,ജെആർസി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. സ്കൂൾതല മോണിറ്ററിങ്ങിനു പുറമേ സബ്ജില്ലാതലത്തിലും വിദ്യാഭ്യാസജില്ലാ തലത്തിലും നിരീക്ഷണസമിതികൾ ഉണ്ടാകും. ഓരോ വിദ്യാലയത്തിലും മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകളിൽ ഈ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി സ്കൂൾ തലത്തിൽ ഊർജ്ജോൽസവം നടക്കും. കാർട്ടൂൺ ,ഉപന്യാസം,പ്രശ്നോത്തരി എന്നിവയിലാണ് മത്സരങ്ങൾ നടക്കുക. കാർട്ടൂണിൻെറ വിഷയം''ഊർജ്ജവും പരിസ്ഥിതിയും'' ഉപന്യാസരചനയുടെ വിഷയം'' ഗാർഹിക ഊർജ്ജഉപഭോഗവും ഊർജ്ജസംരക്ഷണവും' എന്നതുമാണ്.കൂടുതൽ വൈദ്യുതി സംരക്ഷിക്കാനായി ഊർജ്ജ ചാമ്പ്യൻ എന്ന മത്സരം നടത്തും. സ്കൂൾ തലത്തിൽ വിജയികളാകുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാഭ്യാസജില്ലാതല ഊർജ്ജോത്സവം ഒക്ടോബർ മാസത്തിൽ നടക്കും.
ഊർജ്ജോത്സവത്തിലേക്കുള്ള പ്രവേശനഫോറങ്ങൾ സെപ്റ്റംബർ ഇരുപതിനകം ഉപജില്ലാ,ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കണം. സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളിൽ മുഴുവൻ സമയവും കമ്പ്യൂട്ടറുകൾ ഓൺ ചെയ്തു വെക്കുന്ന രീതി ഒഴിവാക്കി ആവശ്യമായ സമയത്ത് മാത്രം ഓൺ ചെയ്യുന്ന രീതിയിലേക്ക് കൊണ്ടുവരാനുള്ള പ്രത്യേക നിരീക്ഷണവും നടത്തും. രണ്ടുവർഷംകൊണ്ട് കോഴിക്കോടിനെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കാർബൺ ന്യൂട്രാലിറ്റി ജില്ലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക.
ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യ്തു. വടകര ഡി. ഇ.ഒ. സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ. ഇ.കെ സുരേഷ് കുമാർ എൽ ഇഡി ബൾബ് വിതരണോദ്ഘാടനം നടത്തി. എ.ഇ.ഒ. മാരായ എൻ.വേണുഗോപാൽ, എ.പ്രദീപ്കുമാർ, സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, എം.കെ.സജീവ് കുമാർ, അബ്ദുള്ള സൽമാൻ,ഒ.പി ശ്രീധരൻ, ഡോ:എൻ.സിജേഷ്,ഇ.ആർ.ദിപു ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.












Click it and Unblock the Notifications