ചില്‍ ബസ്: കെഎസ്ആര്‍ടിസിയുടെ സര്‍വീസില്‍ പുതിയൊരെണ്ണം കൂടി, എല്ലാംകൂടി നടക്കുമോ എന്തോ..
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി പുതുതായി ഏര്‍പ്പെടുത്തിയ ചില്‍ ബസ് സര്‍വീസ് കോഴിക്കോട് നിന്നാരംഭിച്ചു. കോഴിക്കോട്- എറണാകുളം റൂട്ടിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ആദ്യ സര്‍വീസ് പുറപ്പെട്ടു. ഓരോ മണിക്കൂറിലും എറണാകുളത്തേക്കും തിരികെ കോഴിക്കോട്ടേക്കും തൃശൂര്‍ വഴി സര്‍വിസ് നടത്തും.
രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ രണ്ടു മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ് നടത്തുക. എല്ലാ സര്‍വീസും നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെടുത്തുന്നുണ്ട്. മൂന്ന് ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് ചില്‍ സര്‍വീസ് ആരംഭിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സ്ഥിര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് തുടങ്ങിയത്.

വൈദ്യുതി ബസിന്റെ പരീക്ഷണ ഓട്ടത്തിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി ചില്‍ ബസ് കൂടി ഓടിക്കുന്നത്. കെയുആര്‍ടിസിയുടെ ലോഫ്‌ളോര്‍ എസി ബസുകളാണ് ഓടിക്കുന്നത്. നിരക്കും സമാനം. സര്‍വിസുകള്‍ നിലയ്ക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് ധൈര്യപൂര്‍വം അവലംബിക്കാം എന്നതാണ് കോര്‍പ്പറേഷന്‍ ചില്‍ ബസുകള്‍ക്ക് കാണുന്ന പ്രത്യേകത.












Click it and Unblock the Notifications