പരീക്ഷണ സിനിമകള്‍ ഇപ്പോള്‍ ഉച്ചപ്പടങ്ങലല്ല; പരീക്ഷണ സിനിമകൾക്ക് പിന്തുണ കൂടിവരുന്നെന്ന് ജയരാജ്
കോഴിക്കോട്: പരീക്ഷണ സിനിമകള്‍ക്ക് പുതിയ തലമുറയിലെ പ്രേക്ഷകരുടെ പിന്തുണ കൂടിവരികയാണെന്ന് സംവിധായകന്‍ ജയരാജ്. പരീക്ഷണ സിനിമകളെ ഉച്ചപ്പടങ്ങളെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്ന കാലത്തിന് പകരം പുതിയ തലമുറ അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 'ഭയാനക'ത്തിന്റെ വിജയം അതാണ് കാണിക്കുന്നത്. പരീക്ഷണ ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളുടെ പിന്തുണയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭയാനകം സിനിമ പ്രദര്‍ശനത്തിനുശേഷം കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകഴിയുടെ കയര്‍ എന്ന നോവലിലെ രണ്ട് അദ്ധ്യായങ്ങളിലെ കഥാസാഹചര്യത്തെ സിനിമയായി ആവിഷ്‌കരിക്കുകയായിരുന്നു. ഒരു വെടിയൊച്ചപോലും കേള്‍പ്പിക്കാതെ യുദ്ധത്തിന്റെ ഭയാനകത ചിത്രീകരിക്കാനാണ് ശ്രമിച്ചത്. കുട്ടനാട്ടിലെ 670 ഓളം കൂലി പട്ടാളക്കാര്‍ മരിച്ചുവീണ യുദ്ധക്കെടുതി ഒരു പോസ്റ്റ്മാന്റെ അനുഭവങ്ങളിലൂടെയാണ് സിനിമയില്‍ തെളിയുന്നത്. നോവല്‍ ഭാഗത്തിന്റെ സിനിമാആവിഷ്‌കാരം വെല്ലുവിളിയായിരുന്നു.

യുദ്ധത്തിനു മുമ്പും യുദ്ധത്തിന് ശേഷവുമുള്ള പോസ്റ്റ്മാന്റെ ജീവിതത്തെ ആവിഷ്‌കരിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞു. നടനെന്ന നിലയിലുള്ള രഞ്ജി പണിക്കരുടെ പൂര്‍ണ്ണ ആവിഷ്‌കാരമാണ് സിനിമ. ക്യാമറമാന്‍ എന്ന നിലയില്‍ നിഖിലിന്റെയും നടന്‍ എന്ന നിലയില്‍ രഞ്ജി പണിക്കരുടെയും പ്രതിഭയെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമയുടെ നേട്ടം. പോസ്റ്റ്മാന്റെ രണ്ട് ജീവിതാവസ്ഥകളെയും രഞ്ജി പണിക്കര്‍ ആവിഷ്‌കരിച്ച് വിജയിക്കുന്നുണ്ട്. കഥാപാത്രത്തിന് അനുയോജ്യമായ രഞ്ജി പണിക്കര്‍ എന്ന നടന്റെ രൂപാന്തരമാണിത് - അദ്ദേഹം പറഞ്ഞു.
പുതിയ ക്യാമറാമാനെ പരീക്ഷിച്ചതില്‍ സന്തോഷമുണ്ട്. ഇല്ലായ്മയില്‍ നിന്ന് ഏറ്റവും നല്ല ഫലമുണ്ടാക്കാനും പുതുതായി പലതും ചെയ്യാനും പരീക്ഷണങ്ങള്‍ സഹായകമാകുന്നുണ്ട്. സ്വാഭാവികതയിലൂടെ ദൃശ്യങ്ങള്‍ സന്നിവേശിപ്പിക്കാനാണ് സിനിമയില്‍ ശ്രമിച്ചത്. വെളുപ്പും കറുപ്പും നിറമുള്ള പക്ഷികളും മഴയും കാര്‍മേഘങ്ങളും സ്വാഭാവികമായി ചിത്രീകരിക്കുകയായിരുന്നു. നിപയുടെ പശ്ചാത്തലത്തില്‍ നവരസങ്ങളില്‍പ്പെട്ട രൗദ്രം സിനിമയായി ആവിഷ്‌കരിക്കണമെന്ന് മനസിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച സംവിധായകന്റെ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ നിഖില്‍ എസ്. പ്രവീണ്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രേംനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications