വെസ്റ്റ്‌നൈല്‍ പനി സംശയിച്ചയാള്‍ സുഖപ്പെട്ടുവരുന്നു; ആരോഗ്യവകുപ്പിന് നേരിയ ആശ്വാസം
കോഴിക്കോട്: വെള്ളിയാഴ്ച കോഴിക്കോട്ട് കണ്ടെത്തിയ വെസ്റ്റ്‌നൈല്‍ പനി ലക്ഷണങ്ങളോടെയുള്ള പുതിയ കേസുകള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി. നേരത്തെ പോസിറ്റിവ് ഫലം കണ്ടെത്തിയവര്‍ ഇപ്പോള്‍ സുഖപ്പെട്ടു വരുന്നതും ആശ്വാസം. ഇതോടെ പുതിയ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍.
വെസ്റ്റ്‌നെല്‍ ലക്ഷണങ്ങളോടെ പാവങ്ങാട് സ്വദേശിനിയെയാണ് ജൂലൈ 13 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി രണ്ടുപ്രാവശ്യം അയച്ചിരുന്നു. ആദ്യഫലം പോസിറ്റിവായിരുന്നു. രണ്ടാമത്തെ റിസല്‍ട്ട് കൂടി പോസിറ്റിവായാലേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സമാന ലക്ഷണങ്ങളോടെ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളും പ്രത്യേക നിരീക്ഷണത്തിലാണ്. അതേസമയം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെസ്റ്റ്‌നെല്‍ പനി അത്ര മാരകമായതല്ലെന്നും ജപ്പാന്‍ ജ്വരത്തിന് സമാനമായ പനിയാണെന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി. അരുണ്‍ കുമാര്‍ പറഞ്ഞു. 1960 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ തന്നെ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും നേരത്തെ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
കോഴിക്കോട് നിപ്പ വൈറസ് പനി ബാധിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരു വ്യക്തിയായിരുന്നു ഡോ. അരുണ്‍. സാധാരണയായി 60 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് വെസ്റ്റ് നെല്‍ പനിക്ക് കാരണമായ വൈറസ് കാണപ്പെടുന്നത്. വെസ്റ്റ്‌നെല്‍ പനി ലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുന്ന രോഗികളില്‍ രോഗം സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച സമയമെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി.സജിത്കുമാര്‍ പറഞ്ഞു. നിപ്പ വൈറസ് ബാധ പോലെ പേടിക്കേണ്ടതല്ല വെസ്റ്റ്‌നൈലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications