വായനയിലൂടെ ജീവിതം പഠിച്ചു; വീട് വായനശാലയാക്കി, കായണ്ണ സ്വദേശി രവീന്ദ്രൻ മാസ്റ്ററുടെ ജീവിതം...
പേരാമ്പ്ര: വായനയിലൂടെ ജീവിതം പഠിക്കുകയും വീട് വായനശാലയാക്കുകയും ചെയ്ത രവീരന്ദന്‍മാസ്റ്റര്‍ക്ക് വായന കഴിഞ്ഞേ മറ്റെന്തുമുള്ളു. ഔദ്യോഗിക ജീവിതത്തിനുശേഷം മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനാണെങ്കിലും രവീന്ദ്രന്‍ മാസ്റ്റര്‍ വായിക്കുക മാത്രമല്ല മറ്റുള്ളവരെ വായിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യും. കായണ്ണ ചെവിടന്‍ കുളങ്ങര രവീന്ദ്രന്‍ മാസ്റ്റര്‍ ഇന്നും വായനയുടെ വസന്തത്തിലാണ്. വായനയെ സ്‌നേഹിക്കുന്ന പുസ്തകങ്ങളെ ജീവനുതുല്ല്യം സ്‌നേഹിക്കുന്ന വീടിന്റെ പേരും പോലും ഹരിശ്രീ എന്നാണ്. വിട്ടില്‍ സ്വന്തമായി ഒരു വലിയ ലൈബ്രറി ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്‍മാരുടേയും പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുണ്ട്. വായനയും പഠനവും ഇഷ്ടമായിരുന്ന രവീന്ദ്രനെന്ന ബാലന്റെ മാല്യകാലം കഷ്ടപ്പാടുകളുടെയും യാതനകളുടെതുമായിരുന്നു. എസ്എസ്എല്‍സിക്ക് ഉന്നത വിജയം നേടിയിട്ടും തുടര്‍ പഠനം നടത്താന്‍ സാധിച്ചില്ല. മടപ്പള്ളി ഗവ: കോളേജില്‍ പ്രീഡിഗ്രിക്ക് പ്രവേശനം ലഭിച്ചതായിരുന്നെങ്കിലും ഈ സമയം അച്ഛന്‍ മരിച്ചപ്പോള്‍ സഹോദരിമാരും അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇദ്ദേഹത്തിന്റെ ചുമലിലായി. പ്രീഡിഗ്രി പഠനം നിര്‍ത്തിവെച്ച് കൂലിപ്പണിക്കിറങ്ങി 9 വര്‍ഷം ഹോട്ടലുകളിലും ചാരായഷോപ്പിലും ജോലി ചെയ്ത് കുടുംബം പുലര്‍ത്തി.

ഈ സമയത്തും വായനയോടുള്ള അഭിനിവേശം മാറിയിരുന്നില്ല. ഇവിടെ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് പുസ്തകം വാങ്ങാനും വായിക്കാനും അദ്ദേഹം മറന്നില്ല. തുടര്‍പഠനം നടത്തണമെന്ന അതിയായ ആഗ്രഹം മൂലം സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചയച്ച ശേഷം വീണ്ടും പഠനം തുടങ്ങി. 1983ല്‍ പ്രീഡിഗ്രിക്ക് പേരാമ്പ്ര സികെജിഎം ഗവ: കോളേജില്‍ ചേര്‍ന്നു. തന്നെക്കാള്‍ പത്ത് വയസ്സിന് ഇളയവരായ സഹപാഠികള്‍ക്ക് ഇദ്ദേഹം മുതിര്‍ന്ന ജ്യേഷ്ഠന്റെ സ്ഥാനത്തായിരുന്നു അദ്ദേഹം തന്റെ വായനാശീലം സഹപാഠികളിലേക്കും പകര്‍ന്നു. കോഴിക്കോട് ഗുരുവായുരപ്പന്‍ കോളേജില്‍ ഡിഗ്രി പഠനം നടത്തിക്കൊണ്ടിരിക്കെ പത്തനംതിട്ടയില്‍ ടിടിസിക്ക് പ്രവേശനം നേടുകയും അതിനു ശേഷം വയനാട് അമ്പലവയല്‍ ഗവ: സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
25 വര്‍ഷക്കാലം ഈ വിദ്യാലയത്തില്‍ സേവനം ചെയ്ത രവീന്ദ്രന്‍ മാസ്റ്റര്‍ ലൈബ്രറിയുടെ ചുമതല കൂടി ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന് സ്‌കൂളില്‍ വലിയൊരു ലൈബ്രറിയാണ് ഒരുക്കിയത്. ജിഎസ്ടിയു സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം വിരമിച്ചതിനു ശേഷം മുഴുവന്‍ സമയ രാഷ്ട്രിയത്തിലേക്ക് വന്നു. കായണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായ രവീന്ദ്രന്‍ മാസ്റ്റര്‍ വായനക്ക് വേണ്ടി പ്രത്യേക സമയം കണ്ടെത്തുന്നുണ്ട്.
വായനയാണ് തന്റെ നേട്ടത്തിന് കാരണമെന്ന് രവീന്ദ്രന്‍ മാഷ് സാക്ഷ്യപ്പെടുത്തുന്നു. തന്റെ കൈവശമുള്ള പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് വായിക്കാനായ് നല്‍കാന്‍ മാസ്റ്റര്‍ക്ക് യാതൊരു വൈമനസ്യവുമില്ല എന്നാല്‍ കേടുകൂടാതെ തിരിച്ചേല്പിക്കണമെന്നുമാത്രം. കോരങ്ങാട് ഗവ: സ്‌കൂള്‍ അധ്യാപികയായ ശോഭനയാണ് ഭാര്യ. രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications