പോലീസ് അനുമതിയില്ലാതെ എസ്ഡിപിഐ പ്രതിഷേധ റാലി,സംഘർഷം കണക്കിലെടുത്ത് വൻ സന്നാഹം, നേതാക്കൾ ഉൾപ്പടെ മുന്നൂറോളം പേർക്കെതിരെ കേസ്
വടകര: മഹാരാജാസ് കോളേജ് സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പോലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ റാലി നടത്തി.റാലിക്ക് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും തീരുമാനത്തിൽ നിന്നും പിന്മാറാൻ നേതൃത്വം തയ്യാറായിരുന്നില്ല.സംഘർഷം കണക്കിലെടുത്ത് നൂറു കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയും ക്രമ സമാധാനത്തിനായി ഏത് സാഹചര്യം നേരിടാനും നിയോഗിച്ചിരുന്നു.
ഇതോടൊപ്പം ജല പീരങ്കി,ഫയർ ഫോഴ്സ്,ആംബുലൻസ് എന്നീ സംവിധാനങ്ങളും ഒരുക്കിയിരുന്നു.നഗരം യുദ്ധക്കളമായി മാറുന്ന പ്രതീതിയായിരുന്നു ഇന്നലെ വടകരയിൽ ഉണ്ടായത്.വടകര ഡി.വൈ.എസ്.പി സി.ആർ.സന്തോഷ്,സി.ഐ.മാരായ ടി.മധുസൂദനൻ നായർ (വടകര)ദിനേശ് കോറോത്ത്(പയ്യോളി), ഉണ്ണികൃഷ്ണൻ(കൊയിലാണ്ടി) എസ്.ഐ.ജയൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സേനയും പ്രകടനം കടന്നു പോകുന്ന വഴിയിൽ ക്യാമ്പ് ചെയ്തിരുന്നു.അടക്കാത്തെരു ജങ്ക്ഷനിൽ നിന്നും ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.സി.പി.എമ്മിനും, പോലീസിനും, സർക്കാരിനുമെതിരെ കടുത്ത ഭാഷയിലാണ് റാലിയിൽ പങ്കെടുത്തവർ മുദ്രാവാക്യം വിളിച്ചത്.

തുടർന്ന് നടന്ന വിശദീകരണ പൊതുയോഗം എസ്നി.ഡി.പി.ഐ.ജില്ലാ സെക്രട്ടറി ജലീൽ സഖാഫി ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സാലിം അഴിയൂർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി.പി.മുഹമ്മദലി,സവാദ് വടകര എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുപ്പറ്റ,റസാക്ക് മാക്കൂല്‍, ടിപി മുഹമ്മദ്, നജീബ് അത്തോളി, ആര്‍എം റഹീംമാസ്റ്റര്‍, കബീര്‍ തിക്കോടി, കെവിപി ഷാജഹാന്‍, ഷംസീര്‍ ചോമ്പാല്‍ എന്നിവർ നേതൃത്വം നല്‍കി.അനുമതിയില്ലാതെ പ്രകടനം നടത്തുകയും,ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സാലിം അഴിയൂർ,റസാക്ക് മാക്കൂൽ,സവാദ് വടകര എന്നിവർ ഉൾപ്പടെ മുന്നൂറോളം പേർക്കെതിരെ വടകര പോലീസ് കേസ്സെടുത്തു.












Click it and Unblock the Notifications