കോഴിക്കോട്ട് ഷിഗെല്ല തന്നെയോ..? ആരോഗ്യവകുപ്പിനും ആശയക്കുഴപ്പം...
കോഴിക്കോട്: താമരശേരിയില്‍ വയറിളക്കം ബാധിച്ച് കുട്ടി മരണപ്പെട്ടത് ഷിഗല്ലയാണോ എന്നതില്‍ ആശയക്കുഴപ്പം. അസുഖം ഷിഗല്ലയാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണപ്പെട്ട കുഞ്ഞിന് അക്യൂട്ട് എന്‍സെഫെലൈറ്റിസ് സിന്‍ഡ്രോം ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
അതേസമയം ഇതുസംബന്ധിച്ച ഒരു പരിശോധനാഫലംകൂടി ബാക്കിയുണ്ടെന്നും വകുപ്പുതന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം താമരശേരിയില്‍ വയറിളക്കം ബാധിച്ച് കുട്ടി മരണപ്പെട്ടിരുന്നു. ഇത് ഷിഗെല്ല രോഗമാണെന്നായിരുന്നു സംശയം. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം ആണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതിനാല്‍ മണിപ്പാല്‍ വൈറോളജി ലാബിലെ റിസല്‍ട്ടുകൂടി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. അതേസമയം വയറിളക്ക രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വി. ജയശീ അറിയിച്ചു. സാധാരണ വയറിളക്കത്തെക്കാൾ മാരകമാണ് ഷിഗല്ല. വയറിളക്കത്തോടെയുള്ള പനി, മലത്തില്‍ രക്തത്തിന്റെ അംശം, ശക്തമായ വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ രോഗം മൂർച്ചിച്ച് തലച്ചോറിനെ ബാധിച്ച് മരണം വരെ സംഭവിക്കാം.
രോഗാണു കുടിവെള്ളത്തിലൂടെയോ മലിനമായ കൈകളിലൂടെയോ ഈച്ചവഴി ഭക്ഷണത്തിലൂടെയോ പകരും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറന്നുവെച്ചും പഴകിയതുമായ ഭക്ഷണം കഴിക്കാതിരിക്കുക, തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക, കക്കൂസില്‍ പോയതിന് ശേഷവും ഭക്ഷണത്തിന് മുന്‍പും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വയറിളക്ക രോഗങ്ങള്‍ കണ്ടാലുടന്‍ ചികിത്സതേടണം. വെള്ളം ധാരാളമായി കഴിക്കുകയും ആവശ്യത്തിന് ഒആര്‍എസ് ലായനി ഉപയോഗിക്കുയും വേണം. കുട്ടികളില്‍ രോഗം വരാനുള്ള സാധ്യത കൂടുതലായതിനാല്‍ നഖം കൃത്യമായി വെട്ടണം. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ വ്യക്തിശുചിത്വം പാലിക്കണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ വൃത്തിയിലുള്ള സാഹചര്യങ്ങളിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് ഉറപ്പിക്കണമെന്നും ഡിഎംഒ അറിയിച്ചു.












Click it and Unblock the Notifications