കോഴിക്കോടിന്റെ സ്‌നേഹപ്രവാഹം; ഒറ്റദിവസം 15,000 നോട്ട്ബുക്കുകള്‍, പഠനോപകരണങ്ങള്‍
കോഴിക്കോട്: ജില്ലയില്‍ മഴക്കെടുതിയില്‍ ദുരിതബാധിതരായി സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിബിഎസ് പബ്ലിഷേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് കൈത്താങ്ങാവും. ആദ്യഘട്ടത്തില്‍ 15,000 നോട്ടുബുക്കുകളും ആവശ്യത്തിന് സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങളും സൗജന്യമായി നല്‍കും.
ബുധനാഴ്ച സ്‌കൂള്‍ തുറന്ന് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്താന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച നോട്ടുബുക്കുകള്‍ ലഭ്യമാക്കുമെന്ന് ടിബിഎസ് ഉടമ എന്‍.ഇ ബാലകൃഷ്ണ മാരാര്‍ ജില്ലാകലക്ടര്‍ യുവി ജോസിനെ സന്ദര്‍ശിച്ച് ഉറപ്പുനല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ് കുമാറുമായും ചര്‍ച്ച നടത്തി.
പ്രളയ ദുരന്താശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട് ജില്ലയില്‍ നിന്നും ബുധനാഴ്ച ലഭിച്ചത് 15,30,501 രൂപ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ശാഖ അഞ്ച് ലക്ഷം രൂപ ജില്ലാ കലക്ടര്‍ യുവി ജോസിന് കൈമാറി. റസിഡന്‍ഷ്യല്‍ കൂട്ടായ്മകള്‍ ,ക്ലബ്ബുകള്‍,സാംസ്‌കാരിക കൂട്ടായ്മകള്‍, വ്യക്തികള്‍ എന്നിവിടങ്ങളില്‍ നിന്നും സഹായങ്ങള്‍ ഒഴുകുന്നുണ്ട്.

ഇതിനിടെ ദുരന്തബാധിത പ്രദേശങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം വിതരണം ചെയ്യുന്ന അവശ്യസാധനങ്ങള്‍ സ്വീകരിക്കാനുള്ള പോയ്ന്റ് ഡിടിപിസി ഓഫിസില്‍നിന്നും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളാണ് ഇവിടെയും ലഭിച്ചുകൊണ്ടിരിക്കുന്നത്. എത്തുന്ന സാധന സാമഗ്രികള്‍ സുരക്ഷിതമായി പാക്ക് ചെയ്ത് എത്തിക്കുന്നതിന് നിരവധി വളണ്ടിയര്‍മാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
15000 കുടുംബങ്ങള്‍ക്ക് ഇനിയും സഹായം ആവശ്യമുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ വിതരണം ചെയ്യണം. പഞ്ചസാര, കടല, ചെറുപയര്‍, വന്‍പയര്‍, മസാല പൊടികള്‍, ശുചീകരണ സാമഗ്രികള്‍ എന്നിവയാണ് നിലവില്‍ ആവശ്യമുള്ളത്. ജില്ലാകലക്ടര്‍ യുവി ജോസിന്റെ നിര്‍ദ്ദേശത്തില്‍ തഹസില്‍ദാര്‍ കെ. അനിതകുമാരി, നിജീഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Recommended Video

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications