നവജാത ശിശുവിനെ കഴുത്തറത്ത് കൊന്നു; അറസ്റ്റിലായ അമ്മ റിമാൻഡിൽ, സംഭവം കോഴിക്കോട്!
കോഴിക്കോട്: നവജാതശിശുവിനെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ അമ്മ പനങ്ങാട് പാറമുക്ക് വലിയമലക്കുഴിയില്‍ റിന്‍ഷയെ (22) റിമാന്‍ഡ് ചെയ്തു. പ്രസവിച്ച ഉടനെ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. റിന്‍ഷയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
നവജാതശിശുവിന്റെയും അമ്മയുടെയും കരച്ചില്‍ കേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകശേഷം കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി മറവ് ചെയ്യാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. റിന്‍ഷയെ ചോരവാര്‍ന്ന നിലയില്‍ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. മുറിയിലാകെ രക്തംവാര്‍ന്നിരുന്നു. പുതിയ ബ്ലേഡ് മുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. കിടപ്പുമുറുയിലായിരുന്നു പ്രസവം. മുറിയില്‍ രക്തം ഉറ്റിവീണ പാടുകളുണ്ട്. പ്ലാസ്റ്റിക് കവറിലാക്കിയ കുഞ്ഞിനെ തുണിയിട്ടുമൂടുകയും ചെയ്തിരുന്നു.

താമരശേരി ഡിവൈഎസ്പി പി. ബിജുരാജ് സ്ഥലത്തെത്തി പരിശോധന നടത്തുകയും റിന്‍ഷയുടെ സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റിന്‍ഷയുടെ അമ്മയെയും ചോദ്യം ചെയ്യും. ബാലുശേരി സിഐ കെ. സുഷീര്‍, എസ്‌ഐ കെ. സുമിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. റിന്‍ഷ വിവാഹിതയാണ്.












Click it and Unblock the Notifications