താഴെ പടനിലം അപകടവളവിൽ വെള്ളം കേറി; സംരക്ഷണ ഭിത്തി തകർന്നു, യാത്രക്കാർക്ക് അപകട ഭീഷണി ...
കോഴിക്കോട്: അപകടം പതിയിരിക്കുന്ന താഴെ പടനിലം വളവില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡില്‍ വെള്ളം കയറി സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ വിനോദ യാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ്സ് മറിഞ്ഞിരുന്നു.
സമീപത്തെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത ബസ്സ് സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നത് വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങള്‍ നടന്ന സ്ഥലമാണ് ഈ വളവ്. വളവ് നിവര്‍ത്തി റോഡിന് വീതി കൂട്ടണമെന്നത് നാട്ടുകാരുടെ നീണ്ട നാളത്തെ ആവശ്യമാണ്. ഇതേ സ്ഥലത്ത് മുമ്പ് സ്വകാര്യ ബസ്സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു.

സ്ഥിരം അപകട മേഖലയായതോടെയാണ് ഇവിടെ ഇരു ഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. വാഹങ്ങള്‍ ഇടിച്ച് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം കുറെയേറെ തകര്‍ന്നിരുന്നു. ഈ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. കാല്‍നട യാത്രക്കാര്‍ ഇപ്പോള്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ് ഇരു വശത്ത് നിന്നും ഒരേ സമയം വാഹനങ്ങള്‍ വന്നാല്‍ കാല്‍നട യാത്രക്കാര്‍ക്ക് സൈഡ് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. ദേശീയ പാത 766 ല്‍ കൊടുവള്ളി ഡിവിഷനിലുള്ളതാണ് ഈ റോഡ്.
വയനാട്ടില്‍ നിന്നടക്കം അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് ആമ്പുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന റോഡാണിത്. റോഡരില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറ്റുന്ന രീതിയില്‍ വലിയ പരസ്യ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇനിയൊരു അപകടത്തിന് കാത്തുനില്‍ക്കാതെ റോഡിന്‍റെ സംരക്ഷണ ഭിത്തി ഉടന്‍ നന്നാക്കിയില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് കൂടി നാം സാക്ഷിയാവേണ്ടി വരും.












Click it and Unblock the Notifications