അക്കാര്യം ആവർത്തിച്ചാല്‍ 'രാഘവേട്ടനെ കരീംക്ക വീഴ്ത്തും': കോഴിക്കോട്ടെ ഇടതിന്റെ പ്രതീക്ഷകള്‍
കോഴിക്കോട് ലോക്സഭ മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ യു ഡി എഫിനേക്കാള്‍ ഏറെ പിന്നിലാണ് എല്‍ ഡി എഫ്. മണ്ഡലത്തില്‍ ഇന്നുവരെ ആകെ മൂന്ന് തവണയാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥികള്‍ വിജയിച്ചത്. അതില്‍ തന്നെ സി പി എം ഒരു തവണയും രണ്ട് തവണ ജനതാദളുമാണ്. സിഎച്ച് മുഹമ്മദ് കോയയും ഇബ്രാംഹീ സുലൈന്‍മാന്‍ സേട്ടും പോലെയുള്ള പ്രമുഖ ലീഗ് നേതാക്കള്‍ മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് കോഴിക്കോട്.
ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി പി എം മുതിർന്ന് നേതാവായ എളമരം കരീമിനെ തന്നെ രംഗത്ത് ഇറക്കിയിരിക്കുന്നത്. ബേപ്പൂരില്‍ നിന്നും രണ്ട് തവണ എം എല്‍ എയായിരുന്ന എളമരം കരിമീന് കോഴിക്കോട് മികച്ച ബന്ധങ്ങളാണുള്ളത്. ഇത് തങ്ങള്‍ക്ക് വോട്ടായി മാറുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്.

യു ഡി എഫ് ഇത്തവണയും എംകെ രാഘവനില്‍ തന്നെയാണ് വിശ്വാസം അർപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി മണ്ഡലത്തില്‍ നിന്നും വിജയിച്ച് വരുന്ന അദ്ദേഹം ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുകയും ചെയ്യുന്നുണ്ട്. 2009 ല്‍ എംകെ രാഘവന്‍ ആദ്യമായി മത്സരത്തിന് എത്തിയപ്പോള്‍ മുഹമ്മദ് റിയാസിനോട് 800 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എംകെ രാഘവന്‍ വിജയിച്ചത്.
2014 ലും എംകെ രാഘവന് ശക്തമായ മത്സരമായിരുന്നു നേരിടേണ്ടി വന്നത്. എന്നാല്‍ അന്തിമ ഫലം പുറത്ത് വന്നപ്പോള്‍ എല്‍ ഡി എഫിലെ എ വിജയരാഘവനെതിരെ 16883 വോട്ടിന് എം കെ രാഘവന്‍ വിജയിച്ചു. 2019 ല്‍ കേരളത്തില്‍ ആഞ്ഞടിച്ച യു ഡി എഫ് തരംഗത്തില്‍ എം കെ രാഘവന്‍ ഭൂരിപക്ഷം 85225 ആയി ഉയർത്തി. സി പി എമ്മില്‍ നിന്നും എ പ്രദീപ് കുമാറായിരുന്നു എതിരാളി.
നിയമസഭ തിരഞ്ഞെടുപ്പിലെ പ്രകടനം പരിശോധിക്കുമ്പോള്‍ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴില്‍ ആറ് നിയോജക മണ്ഡലങങ്ങളിലും എല്‍ ഡി എഫ് ആണ് വിജയിച്ചത്. ബേപ്പൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൌത്ത്, എലത്തുർ, കുന്ദമംഗലം, ബാലുശ്ശേരി എന്നിവയാണ് ഇടതിന്റെ കൈവശമുള്ളത്. യു ഡി എഫ് വിജയം കൊടുവള്ളിയില്‍ മാത്രം ഒതുങ്ങി. ഈ വോട്ടുനില നില നിർത്താന്‍ സാധിച്ചാല്‍ കോഴിക്കോട് വിജയം സുനിശ്ചിതമാണെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു.












Click it and Unblock the Notifications