മെഡിക്കൽ കോളേജിലെ ലൈംഗികാതിക്രമം: ഒരാളെ പിരിച്ചുവിട്ടു, 5 ജീവനക്കാർക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ചു ജീവനക്കാർക്ക് സസ്പെൻഷൻ. ഒരാളെ പിരിച്ചുവിട്ടു. വിഷയം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോൾ അറ്റൻഡർ ശശീന്ദ്രൻ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. പരാതി പിൻവലിക്കാൻ തനിക്കുമൽ സമ്മർദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും ചെയ്തിരുന്നു.
സംഭവ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങൾ സ്ഥാനം മാറിക്കിടക്കുന്നതു കണ്ട് അറ്റൻഡറോട് ചോദിച്ചിരുന്നെന്നും യൂറിൻബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നൽകിയെന്നും നഴ്സ് മൊഴിനൽകി. തൈറോയ്ഡ് രോഗിക്ക് യൂറിൻബാഗ് ആവശ്യമില്ലെന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ശകാരിച്ചെന്നും മൊഴിയിലുണ്ട്.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുന്ന യുവതിയെ അറ്റൻഡർ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. സർജിക്കൽ ഐ സി യുവിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ മറ്റൊരു രോഗിയെ പരിചരിക്കാൻ പോയ സമയത്താണു അറ്റൻഡർ യുവതിയെ പീഡിപ്പിച്ചത്. പിന്നീട് പൂർണ്ണ ബോധം വീണ്ടെടുത്ത യുവതി വിവരം ബന്ധുക്കളോട് പറയുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്ത് പരാതി നൽകി. സംഭവ ദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രൻ മുൻപ് ഒരു നഴ്സിനുനേരെ അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications