10 എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ സീറ്റില്ല, കനത്ത നിരാശ: വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി റയ സമീർ
കോഴിക്കോട്: മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥിനി വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു. മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞതിന് ശേഷവും പ്ലസ് വണ്‍ ലഭിക്കാത്തതിനെതുടർന്നാണ് കോഴിക്കോട് തിരുവള്ളൂർ മീത്തലെ ഒതയോത്ത് സമീറിന്റെ മകൾ റയ സമീർ സമൂഹ മാധ്യമമായ എക്സിലൂടെ മന്ത്രിക്ക് തുറന്ന കത്ത് എഴുതിയത്.
"ട്രയൽ ഉൾപ്പെടെയുള്ള മൂന്ന് അലോട്ട്മെന്റിലും സർക്കാർ സീറ്റ് കിട്ടിയില്ല. അല്ല! തന്നില്ല. 'എന്റെ കുഴപ്പം കൊണ്ടല്ല' എന്നു പലരും പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും ഉള്ളിൽ ആളിക്കത്തുന്ന തീയുടെ എരിച്ചിലും നീറ്റലും കനത്ത നിരാശയുമാണ്" റയ കുറിക്കുന്നു.

റയ സമീറിന്റെ തുറന്ന കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയോട്..
ഞാൻ റയ സമീർ. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിലെ 70000 പേരിൽ ഒരാൾ. ഏതാണ്ട് മൂന്നുമാസമായി വീട്ടിലിരിക്കുന്നു. ഇനിയും ഇരിക്കേണ്ടിവരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ട്രയൽ ഉൾപ്പെടെയുള്ള മൂന്ന് അലോട്ട്മെന്റിലും സർക്കാർ 'സീറ്റ്' കിട്ടിയില്ല. അല്ല! തന്നില്ല. 'എന്റെ കുഴപ്പം കൊണ്ടല്ല' എന്നു പലരും പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും ഉള്ളിൽ ആളിക്കത്തുന്ന തീയുടെ എരിച്ചിലും നീറ്റലും കനത്ത നിരാശയുമാണ്.
പത്താം ക്ലാസ് എന്ന അധ്യയനവർഷത്തിന്റെ തുടക്കം മുതൽ കേട്ടത് മുഴുവൻ എ പ്ലസ് ഉള്ളവർക്കേ 'സീറ്റ്' ഉള്ളൂ എന്നായിരുന്നു. എന്നാൽ, ഇന്ന് ആ പട്ടികയിൽ ഉൾപ്പെടുന്ന എന്റെ മാനസികാവസ്ഥ അതീവ ഗുരുതരമാണ്. ഓരോ അലോട്ട്മെന്റ് വരുമ്പോഴും നിരാശയോടെ ഞാനും എന്റെ കുടുംബവും മുഖത്തോട് മുഖം നോക്കുമ്പോൾ പലരും 'അടുത്തതിൽ വരും' എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ, ഇനി അടുത്തതൊന്നില്ല!. ക്ലാസുകൾ തുടങ്ങാറായി. ഞാൻ എന്റെ വീട്ടിലും, എന്നേപ്പോലെ ഞാൻ മാത്രമല്ല എന്നറിയാം. എന്നാൽ 'എന്നെപ്പോലെയുള്ളവർ' എത്രപേർ കാണുമെന്നതിൽ അറിവില്ല.
എന്റെ മനസ്സിലൂടെയോടുന്ന ഭീകരചിന്തകളുടെ ബലിയാടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് സ്വപ്നങ്ങൾ നെയ്ത കുട്ടിയാവും 'ഹാദി റുഷ്ദ'. അവളെപ്പോലെ എല്ലാം വേണ്ടെന്നുവെച്ച് ലോകത്തോട് വിടപറയാൻ മടിയുണ്ട്. അവളുടെ ഇല്ലായ്മക്ക് ഉത്തരമായില്ല. എന്റെ ശബ്ദത്തിനെങ്കിലും ഉത്തരത്തിനായി അപേക്ഷിക്കുന്നു- റയ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം, മലപ്പുറം അടക്കമുള്ള മലബാർ ജില്ലകളില്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നു. മലപ്പുറം ജില്ലയില്‍ മാത്രം ഇനി പ്ലസ് വണ്‍ പ്രവേശനം നേടാനുള്ളത് 14037 വിദ്യാർത്ഥികളാണ്. 11087 സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. ജില്ലയില്‍ അണ്‍എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ 21580 സീറ്റുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.
രണ്ട് അലോട്ട്മെന്റുകള്‍ കൂടെ ബാക്കിയുള്ളതിനാല്‍ ഈ ഒഴിവുകളും നികത്തപ്പെടും. കുറെ വിദ്യാർത്ഥികള്‍ വി എച് സി, ഐ ടി ഐ തുടങ്ങിയ വിദ്യാഭ്യാസ മാർഗ്ഗങ്ങളും തിരഞ്ഞെടുക്കാം. ആ സാഹചര്യത്തില്‍ സീറ്റ് പ്രതിസന്ധിയുണ്ടാവില്ല. കേരളത്തിലെ പൊതു കണക്ക് പരിശോധിക്കുമ്പോള്‍ 421661 കുട്ടികാണ് ആകെ അപേക്ഷിച്ചത്. അതില്‍ 26995 കുട്ടികള്‍ക്ക് മാത്രമാണ് ഇനി പ്രവേശനം ലഭിക്കാന്‍ ബാക്കിയുള്ളത്. കേരളത്തിലെ മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും പഠിക്കാനുള്ള സാഹചര്യമുണ്ടാകും. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications