കളഞ്ഞ് കിട്ടിയത് ഒന്നരലക്ഷം: എടുത്തില്ല, പകരം തിരിച്ചു നൽകി; ഈ ബസ് കണ്ടക്ടർ മാതൃക
കോഴിക്കോട്: യാത്രക്കാരൻ മറന്നുവെച്ച സഞ്ചിയിലെ പണം തിരികെ നൽകി കണ്ടക്ടർ മാതൃക. പെരുമാൾപുരം നല്ലോളി സ്വദേശിയായ പ്രദീപൻ ആണ് തനിക്ക് കളഞ്ഞ് കിട്ടിയ ഒന്നരലക്ഷം തിരികെ ഉടമസ്ഥനെ ഏൽപ്പിച്ചത്. കൊയിലാണ്ടി - വടകര റൂട്ടിലെ സജേഷ് എന്ന ബസിലെ കണ്ടക്ടറാണ് പ്രദീപൻ.
ബസ് യാത്രക്കിടെ യാത്രക്കാരിൽ ആരോ ഒരാൾ മറന്നുവച്ച സഞ്ചിയിലെ തുകയുമായി മൂന്ന് ദിവസം പ്രദീപ് നടന്നു. പണം തിരക്കി വാങ്ങാൻ ആരും വന്നതുമില്ല. ഉടമ എത്താത്തതു കാരണം കയ്യിലെ സഞ്ചി പ്രദീപൻ പരിശോധിച്ചു. ഈ പരിശോധനയിലാണ് ഒന്നര ലക്ഷം രൂപ കണ്ടെത്തിയത്. ഒരുപാട് അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി. ഉടൻ തന്നെ തുക കൈമാറുകയായിരുന്നു.

മാർച്ച് 21 രാത്രിയാണ് സംഭവം നടന്നത്. അവസാന യാത്രക്കാരനെയും സ്ഥലത്ത് ഇറക്കി രാത്രി ബസ് ട്രിപ്പ് അവസാനിച്ചു. പിന്നാലെ ബസ്സിനുള്ളിൽ ചെറിയൊരു പരിശോധനയും പ്രദീപ് നടത്തി. ഈ സമയത്താണ് സീറ്റിന് അടിയിൽ കിടക്കുന്ന സഞ്ചി പ്രദീപന്റെ കണ്ണിൽപ്പെട്ടത്. സഞ്ചിയുടെ കൂടെ ബദാമും സ്പ്രേയും പ്രദീപന് ലഭിച്ചിരുന്നു.
സഞ്ചി തേടി ഉടമ എത്തുത്തതും കാത്ത് ബസ്സിലെ പെട്ടിയിൽ തന്നെ കണ്ടക്ടർ സഞ്ചി സൂക്ഷിച്ചു. മൂന്ന് ദിവസമായിട്ടും സഞ്ചി തേടി ആരും വന്നില്ല. മാർച്ച് 24 - ന് ബസ് സമരം തുടങ്ങും. ഈ കാരണത്താൽ മാർച്ച് 23 - ന് കയ്യിൽ കിട്ടിയ സഞ്ചി പ്രദീപൻ വീട്ടിലേക്ക് എടുത്തു. ഒപ്പം കിട്ടിയ ബദാമും വെറുതെ കളയണ്ടയെന്ന് പ്രദീപൻ വിചാരിച്ചു.
തുടർന്ന് സഞ്ചിയുമായി വീട്ടിലേക്ക് യാത്ര. വീട്ടിലെത്തിയ ഉടൻ കുളി കഴിഞ്ഞ് വീണ്ടും വിശദമായി സഞ്ചി പരിശോധിച്ചിരുന്നു. ഈ പരിശോധന സമയത്താണ് ഒന്നര ലക്ഷം രൂപ സഞ്ചിയുള്ളത് പ്രദീപൻ വ്യക്തമായി കണ്ടത്. എല്ലാം 500 - ന്റെ മൂന്ന് കെട്ടുകൾ.
കളഞ്ഞ് കിട്ടിയ സഞ്ചിയിൽ ബാങ്ക് പാസ് ബുക്ക്, എടിഎം കാർഡ്, പണം ബാങ്കിൽ നിന്ന് പിൻവലിച്ച രസീത് എന്നിവ ഉണ്ടായിരുന്നു. ഭാഗ്യമെന്ന് പറയട്ടെ ഉടമയുടെ പേരും വിവരങ്ങളും കണ്ടെത്താൻ ഇതിലൂടെ കഴിഞ്ഞിരുന്നു. ഉടൻ തന്നെ കിട്ടിയ നമ്പറിൽ ഫോൺ വിളി.. അവസാനം സഞ്ചിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ കഴിഞ്ഞു. മൂരാട് നടുവിലെ വള്ളുവശ്ശേരിയിൽ ശ്രീജിത്ത് ആയിരുന്നു സഞ്ചിയുടെ യഥാർത്ഥ ഉടമ.
പ്രദീപ് ഫോൺ വിളിച്ചപ്പോൾ ഞെട്ടലോടെ ആയിരുന്നു ശ്രീജിത്ത് ഫോൺ എടുത്തത്. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് വിചാരിച്ച പണമായിരുന്നു. തുക നഷ്ടപ്പെട്ടതിൽ ഏറെ വിഷമിച്ചിരുന്നു എന്നും ശ്രീജിത്ത് പ്രദീപിനോട് ഫോണിൽ പറഞ്ഞു. ഫോൺ വിളിക്ക് പിന്നാലെ ഓടി പാഞ്ഞ് ശ്രീജിത്ത് പ്രദീപിനെ കാണാൻ വീട്ടിലെത്തി. തുക കൈപ്പറ്റുകയും ചെയ്തു.












Click it and Unblock the Notifications