നിപ ഭീതി: കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, പ്രതിരോധത്തിന് 16 ടീമുകൾ
കോഴിക്കോട്: ജില്ലയില്‍ നിപ ഭീതിയുടെ സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി. കോഴിക്കോട് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അസ്വാഭാവികമായി മരണപ്പെട്ട രോഗിയുടേയും രോഗലക്ഷണങ്ങള്‍ ഉളളവരുടേയും സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയില്‍ നിന്ന് വൈകിട്ടോടെ ലഭ്യമാകും.
നിപയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. നിപ പ്രതിരോധത്തിനായി 16 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ അവലോകന യോഗം ചേര്‍ന്നു. ആയഞ്ചേരി, മരുതോങ്കര പഞ്ചായത്ത് ഉദ്യോഗസ്ഥരും കുറ്റ്യാടി, നാദാപുരം എംഎല്‍എമാരും അടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം മരുതോങ്കരയില്‍ പനി ബാധിച്ച് മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് വ്യക്തമാക്കി. എങ്കിലും ഇവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല പഞ്ചായത്തില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പ്രദേശത്ത് പനി ബാധിച്ചിരിക്കുന്ന ആളുകളെ കണ്ടെത്താനുളള സര്‍വ്വേയും പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം മരണപ്പെട്ട വ്യക്തിയുടെ വീടിന് സമീപത്തെ 90 വീടുകളില്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇതില്‍ 5 വീടുകളില്‍ പനി കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 30നാണ് നിപ സംശയിക്കുന്ന വ്യക്തി പനി ബാധിച്ച് മരണപ്പെട്ടത്. ഇദ്ദേഹം മരണപ്പെട്ടതിന് ശേഷം പനി ബാധിച്ച ആളുകളുടെ വിവര ശേഖരണം നടത്തുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.












Click it and Unblock the Notifications