നിപ ഭീതിയകലന്നു; കോഴിക്കോട് ഇന്ന് സ്‌കൂള്‍ തുറക്കും, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും
കോഴിക്കോട്: നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പത്ത് ദിവസത്തോളം അടച്ചിട്ടതിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്. ഇക്കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസായിരുന്നു നടത്തിയിരുന്നത്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകള്‍ തുറക്കേണ്ട എന്നാണ് തീരുമാനം.
സ്‌കൂള്‍ തുറന്നാലും നിപ ജാഗ്രതാ നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയനം ഓണ്‍ലൈനായി തുടരേണ്ടതാണ്.

ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍. പുറത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ സംവിധാനമൊരുക്കണമെന്ന് സ്‌കൂളുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 16ലെ ഉത്തരവ് പ്രകാരമാണ് കോഴിക്കോട്ടെ സ്‌കൂളുകള്‍ അധ്യയനം ഓണ്‍ലൈനിലേക്ക് മാറ്റിയത്.
ഐസൊലേഷനിലുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ ഇ സഞ്ജീവനി നിപ ഒപി സേവനം ലഭ്യമാകും. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇ സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താം.
സെപ്തംബര്‍ 15 നാണ് കോഴിക്കോട് അവസാനമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശിക്കായിരുന്നു ഇത്. അതിന് ശേഷം കഴിഞ്ഞ 10 ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയത്. നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ച് പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായിരുന്നു.
നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച രണ്ടു പേര്‍ അടക്കം ആറ് പേര്‍ക്കാണ് കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ 915 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള 377 പേരുടെ സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചിട്ടുണ്ട്.


Click it and Unblock the Notifications