നിപ: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി, പ്രൊഫഷണല്‍ കോളേജുകള്‍ക്കും ബാധകം
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി. നാളേയും (വ്യാഴം) മറ്റന്നാളുമാണ് (വെള്ളി) ജില്ലാ കളക്ടര്‍ എ ഗീത അവധി അനുവദിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമായിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായാണ് അവധി അനുവദിച്ചിരിക്കുന്നത്.
അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം എന്നും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല എന്നും കളക്ടര്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ മൂന്ന് ആക്ടീവ് കേസുകളാണ് ഉള്ളത്. രണ്ട് പേര്‍ നേരത്തെ മരിച്ചത് കൂടി കണക്കിലെടുത്താല്‍ ജില്ലയില്‍ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചാണ്.

ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി അനുവദിച്ചിരിക്കുന്നത്. നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ല കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.
ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയ പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണം. ഇവ ചടങ്ങുകള്‍ മാത്രമായി നടത്തണം. വിവാഹം, റിസപ്ഷന്‍ തുടങ്ങിയ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറക്കണമെന്നും പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതമാണ്. പൊതുജനങ്ങള്‍ ഒത്ത് ചേരുന്ന നാടകം, പോലുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ മാറ്റി വെക്കണം എന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.
ഇതുവരെ തയ്യാറാക്കിയ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 77 പേരാണ് ഉള്ളത്. ഇവരെ വീടുകളിലാണ് ഐസോലേഷനിലാക്കിയിരിക്കുന്നത്. മരിച്ച രോഗിയുടെ ഏറ്റവും അടുത്ത കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള 13 പേര്‍ മെഡിക്കല്‍ കോളേജില്‍ ഐസോലേഷനില്‍ കഴിയുന്നു. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് സന്നദ്ധ സേന രൂപീകരിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് വളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും.












Click it and Unblock the Notifications