ട്രെയിനിൽ വനിത ടിടിഇയ്ക്ക് നേരെ വയോധികന്റെ ആക്രമണം; മുഖത്തടിച്ചു
കോഴിക്കോട്: ട്രെയിനിൽ വനിതാ ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗാലാപുരം - ചെന്നൈ എക്സ്പ്രസിൽ ഇന്ന് രാവിലെയാണ് സംഭവം.
വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ വെച്ചാണ് യുവതിക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറൽ ടിക്കറ്റ് എടുത്ത ഇയാൾ റിസർവേഷൻ കോച്ചിലായിരുന്നു യാത്ര ചെയ്തത്. സീറ്റ് നേരത്തെ റിസർവ് ചെയ്ത ആളുകൾ എത്തിയപ്പോൾ ടിടിഇ വയോധികനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു.

പക്ഷേ ഇയാൾ മാറിയിരിക്കാൻ തയ്യാറായില്ല. ടിടിഇ വീണ്ടും വയോധികനോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് വയോധികൻ ടിക്കറ്റ് പരിശോധികയുടെ മുഖത്തടിച്ചത്. ഇയാളുടെ ആക്രമണം കണ്ടപ്പോൾ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ഇയാളെ തടഞ്ഞത്. കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ കോച്ചിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികൻ ടിടിഇയുടെ മുഖത്തടിക്കുകയും ചെയ്തു.
കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് ജനറൽ കംപാർട്ട്മെന്റിൽ മാറിക്കയറിയ വയോധികനെ യാത്രക്കാർ പിടികൂടി റെയിൽവേ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടി.












Click it and Unblock the Notifications