കോഴിക്കോട് ആംബുലൻസ് വൈദ്യുത പോസ്റ്റിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി പൊള്ളലേറ്റ് മരിച്ചു
കോഴിക്കോട്: ആംബുലൻസ് വൈദ്യത പോസ്റ്റിലിടിച്ച് കത്തി വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരണപ്പെട്ടു. കോഴിക്കോട് നഗരത്തിൽ ആണ് സംഭവം. നാദാപുരം സ്വദേശി സുലോചന ( 57 ) ആണ് മരിച്ചത്. പൊള്ളലേറ്റാണ് മരണം. സുലോചനയെ കൂടാതെ മൂന്ന് പേർ കൂടി ആംബുലൻസിൽ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണു. ആംബുലൻസിന് ഉള്ളിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.
സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, ഒരു നേഴ്സ് എന്നിവരാണ് വാഹനത്തിന് അകത്ത് ഉണ്ടായിരുന്നത്. ചന്ദ്രന്റെ നില ഗുരുതരമാണ് എന്നാണ് വിവരം. പ്രസീതയും നേഴ്സും ചികിത്സിയിലാണ്. ഇന്ന് പുലർച്ചെ 3. 50 നാണ് ആംബുലൻസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയ നടത്തുന്നതിനായി രോഗിയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആണ് ഈ അപകടം നടന്നത്. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.












Click it and Unblock the Notifications