ഇടത് എംപിമാർ പരാജയം; എന്തു നിലപാടാണ് പാർലമെന്റിൽ സ്വീകരിച്ചതെന്നറിയാൻ ജനങ്ങൾക്കു താൽപ്പര്യമുണ്ടെന്ന് എംകെ രാഘവൻ
കാക്കൂർ: മനുഷ്യരുടെ ഭക്ഷണപ്പാത്രത്തിൽ പോലും തലയിട്ടു നോക്കാൻ തുടങ്ങിയ ഫാസിസ്റ്റ് കാലത്ത് ഇടത് എം പിമാർ എന്തു നിലപാടാണ് പാർലമെന്റിൽ സ്വീകരിച്ചതെന്നറിയാൻ ജനങ്ങൾക്കു താൽപ്പര്യമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ. കോൺഗ്രസ് നേതാക്കൾ മോദി സർക്കാരിനെതിരെ ശക്തമായ പ്രതിരോധം തീർത്ത കാലത്ത് ഇടതുപക്ഷം കാഴ്ചക്കാരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എലത്തൂർ മണ്ഡലത്തിലെ കള്ളങ്ങാടിത്താഴത്ത് നാട്ടുകാർ ഒരുക്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു എം.കെ രാഘവൻ. ബിജെപിക്കോ മോദിക്കോ എതിരെ ഒന്നും പറയാൻ കഴിയാത്ത വിധം രാഷ്ട്രീയമായ ഒത്തുകളിയിലാണ് സിപിഎം. ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾ എല്ലാം ഒന്നൊഴിയാതെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ദേശീയ തലത്തിൽ കോൺഗ്രസാണ് ബിജെപി വിരുദ്ധ സമരം നയിക്കുന്നത്.

ഈ രാജ്യം നിലനിൽക്കണോ എന്നു തീരുമാനിക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് റോളൊന്നുമില്ല. ആകെ 542 സീറ്റുകളിൽ 482 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. ആകെ 36 സീറ്റുകളിൽ മത്സരിക്കുന്ന സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ എന്തു പ്രസക്തിയാണുള്ളതെന്നും എം.കെ രാഘവൻ ചോദിച്ചു. ജയൻ നന്മണ്ട, പി. അബ്ദുൽ ജലീൽ, നിളാമുദ്ദീൻ, എ. ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications