കക്കയത്ത് ഉരുൾപൊട്ടൽ: ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, കക്കയം പുഴയിൽ ജലനിരപ്പ് ഉയരുന്നു..
ബാലുശ്ശേരി: കക്കയം വനമേഖലയിൽ ഉരുൾപൊട്ടൽ. ഇതോടെ ഒന്നാം പാലത്തിനടുത്തുള്ള ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനിടെ കക്കയം മണ്ണനാൽ എസ്റ്റേറ്റിന്റെ മുകൾഭാഗത്തായാണ് ഉരുൾപൊട്ടിയത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഇതോടെ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കക്കയം ഡാം: ഷട്ടറുകള്‍ തുറക്കുന്നു, ഒഴുക്കിവിടുന്നത് സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വെള്ളം
കക്കയം പുഴയിലെ ജലനിരപ്പും ഇതോടെ ഉയർന്നിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതിബന്ധവും തകരാറിലായിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴും അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറിൽ 66എംഎം മഴയാണ് ഇവിടെ ലഭിച്ചിട്ടുള്ളത്. ഡാംസൈറ്റിലേക്കുള്ള റോഡും പാലവും തകർന്ന നിലയിലാണുള്ളത്.
വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതോടെ കക്കയം ഡാം ഷട്ടറുകള്‍ ഷട്ടറുകള്‍ വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലർത്തണം. കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകളാണ് വൈകീട്ട് അഞ്ച് മണി മുതല്‍ തുറക്കാൻ തുടങ്ങിയത്.