പഴശിയെ പണിയര്‍ ഒറ്റിയിട്ടില്ല, ഗോത്രവര്‍ഗക്കാര്‍ വൃത്തിയില്ലാത്തവരല്ല: ലീല സന്തോഷ്
കോഴിക്കോട്: പഴശിരാജയെ പണിയര്‍ ഒറ്റുകൊടുക്കുന്നത് ഉള്‍പ്പെടെ ഗോത്രവര്‍ഗക്കാരെ മോശമായി അവതരിപ്പിക്കുന്ന രചനകള്‍ മലയാളത്തില്‍ ധാരാളമുണ്ടെന്ന് കരിന്തണ്ടന്‍ സംവിധായിക ലീല സന്തോഷ്. പല തരത്തില്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയാണ് ഗോത്രവര്‍ഗക്കാര്‍. തന്റെ സിനിമയിലൂടെ സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റംവരുത്തണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള 'അതിജീവനം' ചലച്ചിത്ര മേളയില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒരു ഗോത്രവര്‍ഗക്കാരി എന്ന നിലയില്‍ ഒട്ടനവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് സിനിമാ സംവിധായിക എന്ന സ്വപ്‌നത്തിലേക്ക് താന്‍ അടുത്തുകൊണ്ടിരിക്കുന്നതെന്ന് ലീല പറഞ്ഞു. സിനിമ എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കും എന്നപോലെ മമ്മൂട്ടിയും മോഹന്‍ലാലും ആയിരുന്നു പണ്ടൊക്കെ തന്റെയും മനസില്‍. പിന്നീട് നടവയലിലെ 'കനവി'ല്‍ എത്തിയപ്പോഴാണ് ആ സങ്കല്‍പ്പത്തില്‍ മാറ്റമുണ്ടായത്. അങ്ങനെയാണ് പണിയരെപ്പറ്റി ഡോക്യുമെന്ററി എടുത്തതും ചീരു എന്ന ഷോര്‍ട്ട് ഫിലിം ചെയ്തതും.

കരിന്തണ്ടന്‍ സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരു കാലഘട്ടത്തെപ്പറ്റി പഠിക്കേണ്ടതുണ്ട്. അതുവഴി ഗോത്രവര്‍ഗക്കാര്‍ ആരാണെന്ന് സിനിമയിലൂടെ നാട്ടുകാരോടു പറയണം. അതേസമയം ആളുകളെ തീയെറ്ററില്‍ പിടിച്ചിരുത്തുകയും വേണം. ചരിത്രപരമായി തഴയപ്പെട്ടവരാണ് ഗോത്രങ്ങള്‍. അതിലൊരു ഇരയാണ് കരിന്തണ്ടന്‍. ആ ചരിത്രമാണ് സിനിമയിലൂടെ പറയുന്നത്. കമേഴ്‌സ്യലായിരിക്കും ചിത്രം. എന്നു കരുതി മസാലയല്ല. മണ്ണിനെ അറിയുന്ന ഒരു നായകന്‍ വേണമെന്ന നിലയ്ക്കാണ് വിനായകനെ തെരഞ്ഞെടുത്തത്.
ലക്കിടിയില്‍ ചുരത്തില്‍ ഇപ്പോഴും കരിന്തണ്ടനെ പൂട്ടിയ ചങ്ങലയുണ്ട്. കരിന്തണ്ടന്‍ മിത്താണോ ചരിത്രമാണോ എന്നു ചോദിച്ചാല്‍ രണ്ടുമാണ് എന്നാണ് മറുപടി. കരിന്തണ്ടന്റെ എഴുതപ്പെടാത്ത ചരിത്രം രേഖപ്പെടുത്താനാണ് ഉദ്ദേശ്യം. തുടക്കത്തില്‍ നിര്‍മാതാവിനെ കിട്ടാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഗോത്രവര്‍ഗക്കാര്‍ക്ക് വിവരമില്ല, വൃത്തിയില്ല എന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ സമൂഹത്തിനുണ്ട്. ഇത്തരം സമീപനങ്ങള്‍ യഥേഷ്ടം തനിക്കും നേരിടേണ്ടിവന്നു.
എന്നാല്‍, ചിത്രത്തിന്റെ പോസ്റ്റര്‍ വന്നതോടെ കഥമാറി. ഇപ്പോള്‍ നിര്‍മാതാക്കള്‍ യഥേഷ്ടമുണ്ട്. തിരക്കഥ വായിച്ച ഉടനെത്തന്നെ പിന്തുണ നല്‍കിയ രാജീവ് രവി വലിയ പ്രതീക്ഷ നല്‍കിയെന്നും ലീല സന്തോഷ് പറഞ്ഞു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍ നാഥ്, ചലച്ചിത്ര മേള കണ്‍വീനര്‍ എ.വി ഫര്‍ദിസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications