തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടും: പി മോഹനന്
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പൊതുവെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രധാനമായും മുന്നോട്ട് വെക്കുന്നത് സമൂലമായ വികസന മുന്നേറ്റമാണ്. കഴിഞ്ഞ 5 വര്‍ഷകാലത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്. വലിയ വികസന മാതൃകകളാണ് ഈ നാട്ടിലെമ്പാടും നടന്നിട്ടുള്ളത്. അതിന് ഏറ്റവും സഹായകരമായിട്ടുള്ളത് സംസ്ഥാനത്ത് കഴിഞ്ഞ നാരല വര്‍ഷമായി അധികാരത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്.
സര്‍ക്കാര്‍ വലിയ തോതില്‍ തദ്ദേശ സ്ഥാപനങ്ങളെ സഹായിച്ചു. ഇടത് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള വികസന മുന്നേറ്റങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്. അതിനാല്‍ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ തുടരണമെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഇടതുമുന്നണിക്ക് അനുകൂലമായി വലിയ തോതിലുള്ള ജനകീയ അഭിപ്രായം രൂപപ്പെട്ട് വരികയാണ്. അത് ഈ തിരഞ്ഞെടുപ്പില്‍ നിശ്ചയമായും പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നും പി മോഹന്‍ പറയുന്നു.
യുഡിഎഫ് കേരളത്തില്‍ ദുര്‍ബലമായി. യുഡിഎഫ് എന്ന ഇടതുപക്ഷ വിരുദ്ധ സംവിധാനത്തിന് ഇനി സംസ്ഥാനത്ത് യാതൊരു പ്രസക്തിയും ഇല്ല. അത് ബോധ്യപ്പെടുന്ന തിരഞ്ഞെടുപ്പ് കൂടിയായിരിക്കും ഈ തദ്ദേശ തിരഞ്ഞെടുപ്പ്. യുഡിഎഫിലെ പ്രധാന കക്ഷികളായ എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം എന്നുള്ളവര്‍ യുഡിഎഫ് വിട്ട് ഇടത് മുന്നണിയുടെ ഭാഗമായി. ഇതോടെ മുന്നണിയുടെ ബഹുജനാടിത്തറ ശക്തിപ്പെട്ടു. അതിനാല്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ വിജയം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.