'വഞ്ചിയില്‍ നിന്നും തെറിച്ച് വീണു': കോഴിക്കോട് ബീച്ചില്‍ ഇടി മിന്നലില്‍ എട്ട് പേർക്ക് പരിക്ക്
കോഴിക്കോട്: ശക്തമായ ഇടിമിന്നലില്‍ കോഴിക്കോട് കടപ്പുറത്ത് എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സൗത്ത് ബീച്ചിലായിരുന്നു സംഭവം. അഷ്‌റഫ് (45), അനില്‍ (18), ഷരീഫ് (37), മനാഫ് (52), സുബൈര്‍ (55), സലീം (40), അബ്ദുള്‍ ലത്തീഫ് (54) എന്നിവർക്കാണ് പരിക്കേറ്റത്. മീന്‍ വാങ്ങാനെത്തിയ ആളാണ് പരിക്കേറ്റ എട്ടാമന്‍.
പരിക്കേറ്റ ഏഴുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഗുരുതരമായ പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും മത്സ്യത്തൊഴിലാളികളാണ്. കരയില്‍ നിന്നും തോണി കരയിലേക്ക് അടുപ്പിക്കുന്നതിനിടെയായിരുന്നു ഇടിമിന്നലേല്‍ക്കുന്നത്. രണ്ടുമൂന്നുപേര്‍ തോണിയിലും മറ്റുള്ളവർ കരയിലുമായിരുന്നു.

'ഷോക്കടിച്ചത് പോലെയുള്ള അവസ്ഥയായിരുന്നു. രണ്ടാള്‍ വഞ്ചിയുടെ മുകളിലായിരുന്നു. ഒരാള്‍ വഞ്ചിക്ക് അകത്തേക്ക് തന്നെ വീണു. പത്ത് പേരായിരുന്നു അവിടെ ഉണ്ടായിരുന്നത്. അഞ്ചോ ആറോ പേർക്കാണ് പരിക്ക് പറ്റിയത്. കുറെ ആളുകള്‍ വീണു പോയി' പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നയാള്‍ പറഞ്ഞു. ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. പല മേഖലകളിലും ഇടിയോടൊപ്പമാണ് മഴ പെയ്യുന്നത്.
അതേസമയം, ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 ന് അർധരാത്രി 12ന് തുടങ്ങുന്നതിനാൽ ഈ കാലയളവിൽ രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചതായി ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോഴിക്കോട് കലക്ടറേറ്റിൽ മത്സ്യത്തൊഴിലാളികൾക്കായി വിളിച്ചുചേർത്ത യോഗം വ്യക്തമാക്കി.
യന്ത്രവൽകൃത ബോട്ടുകൾ ഒന്നും തന്നെ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂൺ 9 അർധരാത്രി 12 ന് മുൻപ് എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണം. കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ജൂൺ 9ന് മുമ്പ് തീരം വിട്ടു പോകണം. ഇന്‍ബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.
തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചുള്ളതോ മറ്റു നിരോധിത മാർഗ്ഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധനസാമഗ്രികൾ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളിൽ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനോ പാടില്ലെന്നും യോഗം അറിയിച്ചു. ട്രോളിംഗ് സമയത്ത് ഹാർബറിൽ കരയ്ക്കടുപ്പിച്ച ബോട്ടുകളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷണം പോകാറുണ്ടെന്നും ബോട്ടുകൾക്ക് കാവൽ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. ഹാർബറിലെ കുടിവെള്ള പ്രശ്നം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. ജൂലൈ 31 അർധരാത്രിയോടെ നിരോധനം നീങ്ങി.












Click it and Unblock the Notifications