ചെറുവണ്ണൂർ പഞ്ചായത്തില്‍ യുഡിഎഫിന് മിന്നും വിജയം, ഭരണം തുടരും: എല്‍ഡിഎഫ് സ്വപ്നം പൊലിഞ്ഞു
ഇടി രാധയുടെ മരണത്തെ തുടർന്ന് പതിനഞ്ച് അംഗ പഞ്ചായത്തില്‍ ഇരു മുന്നണികള്‍ക്കും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ ചെറുവണ്ണൂർ പഞ്ചായത്തിലെ പതിനഞ്ചാ വാർഡിലേക്ക് നടന്ന നിർണ്ണായക ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മിന്നും വിജയം. 168 ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ ലീഗിലെ പി മുംതാസ് വിജയിച്ചത്. എല്‍ ഡി എഫിലെ സി പി ഐയില്‍ നിന്നും യു ഡി എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. സി പി ഐക്ക് വേണ്ടി കെ സി ആസ്യയായിരുന്നു മത്സരിച്ചത്.
ബി ജെ പിക്ക് വേണ്ടി കെ എം ശലിന മത്സരിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാർത്ഥികള്‍ക്കായി രണ്ട് വീതം അപരകളും ഉള്‍പ്പടെ ഏഴ് സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി ഐയിലെ രാധയുടെ മരണത്തെ തുടർന്നാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നത്.
ഇടി രാധയുടെ മരണത്തെ തുടർന്ന് പതിനഞ്ച് അംഗ പഞ്ചായത്തില്‍ ഇരു മുന്നണികള്‍ക്കും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് നറുക്കെടുപ്പിലൂടെ യു ഡി എഫിലെ ഷിജിത്ത് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സി പി ഐ അംഗമായിരുന്ന ഇടി രാധ കഴിഞ്ഞ തവണ 11 വോട്ടിനായിരുന്നു വിജയിച്ചത്. യു ഡി എഫിലെ ശ്രീലേഖ പയ്യത്തായിരുന്നു എതിർ സ്ഥാനാർത്ഥി. ശ്രീലേഖയുടെ അപര ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് പിടിച്ചതായിരുന്നു ഇടത് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിച്ചത്. രാധക്ക് 590 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രീലേഖയ്ക്ക് 579 വോട്ടും ലഭിച്ചു. സി പി എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന വാർഡ് 15 2010 ല്‍ ശ്രീലേഖയിലൂടെ യു ഡി എഫ് പിടിച്ചെടുത്തിരുന്നു. ഈ വാർഡാണ് യു ഡി എഫ് ഇപ്പോള്‍ തിരികെ പിടിച്ചത്.
പതിനഞ്ചാം വാർഡില്‍ വിജയിച്ചതോടെ നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം ഉറപ്പിക്കാന്‍ യു ഡി എഫിന് സാധിച്ചു. മറുവശത്ത് വാർഡ് നിലനിർത്ത് പഞ്ചായത്ത് ഭരണം തിരികെ പിടിക്കാമെന്ന എല്‍ ഡി എഫ് പദ്ധതി പൊളിയുകയും ചെയ്തു.കയ്യിലുണ്ടായിരുന്ന തുറയൂർ, ചങ്ങരോത്ത് പഞ്ചായത്തുകള്‍ കൂടി നഷ്ടമായതോടെ പേരാമ്പ്ര മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ഒന്നില്‍ പോലും യു ഡി എഫിന് ഭരണം ഇല്ലാതായി. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം ഉറപ്പിക്കാന്‍ സാധിച്ചത് യുഡിഎഫിന് ആശ്വാസകരമാവുന്നത്












Click it and Unblock the Notifications