കോൺഗ്രസിൽ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുമാർ; പാർട്ടിയ്ക്ക് സ്തുതിപാഠകരെ മതിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് ഏറ്റവും ഒടുവിൽ മുന്നണിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് കെ സുധാകരനും കോൺഗ്രസ് നേതൃത്വത്തിലെ ദൌർബല്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ ഗ്രൂപ്പിസത്തെ വിമർശിച്ചുകൊണ്ടാണ് കെ മുരളീധരനും കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
മന്ത്രി കെടി ജലീലിന്റെ വാര്ഡില് മുസ്ലിം ലീഗിന് മികച്ച വിജയം; കരുത്തുകാട്ടാനാകാതെ എല്ഡിഎഫ്

ദൌർബല്യം
കെപിസിസി പ്രസിഡന്റ് ഒന്നു പറയുകയും യുഡിഎഫ് കൺവീനർ വേറൊന്നു പറയുകയുമാണെന്നും ചൂണ്ടിക്കാണിച്ച ഉണ്ണിത്താൻ കോൺഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായുള്ള ബന്ധം അറ്റുപോയെന്നും ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് നേതൃത്വം തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തോൽവിയുടെ ആഴം മനസ്സിലാക്കണമെന്നും ഇല്ലെങ്കിൽ വലിയ അപകടമാണുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ തലത്തിൽ ദൌർബല്യമുണ്ടെന്ന് എടുത്തുപറഞ്ഞ ഉണ്ണിത്താൻ ദേശീയ തലത്തിൽ കോൺഗ്രസിന് ശക്തമായ ഒരു നേതൃത്വം ഇല്ലാത്തതും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേതൃമാറ്റം അനിവാര്യം
കോൺഗ്രസിന്റെ 14 ജില്ലകളിലേയും നേതൃത്വത്തേയും മാറ്റണം. പണ്ട് നാല് കെപിസിസി ജനറൽ സെക്രട്ടറിമാർ ഉള്ളിടയത്ത് ഇപ്പോൾ നൂറിലധികം ആളുകളുണ്ട്. അവരെല്ലാം തിരഞ്ഞെടുപ്പിൽ എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് പാർട്ടി വിലയിരുത്തണമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. ഈ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചില്ല എങ്കിൽ അടുത്ത തവണ ഭരണം ലഭിക്കുമോ എന്നല്ല, അടുത്ത തവണ ഭരണ ലഭിച്ചേക്കാം. എന്നാൽ അതിനടുത്ത തവണ ഭരണം ലഭിച്ചില്ലെങ്കിലും പ്രതിപക്ഷത്തെങ്കിലും ഇരിക്കണ്ടേ? അതുകൊണ്ട് കേരളത്തിലെ നേതാക്കളോട് ഞാൻ വിനയപൂർവ്വം അപേക്ഷിക്കുകയാണെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

വളർച്ച നിസാരമല്ല
കേരളത്തിലെ ബിജെപിയുടെ വളർച്ചയെ നിസാരമായി കാണരുതെന്ന് ചൂണ്ടിക്കാണിച്ച ഉണ്ണിത്താൻ എൽഡിഎഫും എൻഡിഎയും ശക്തരായ രണ്ട് മുന്നണികളാണെന്നും അഭിപ്രായപ്പെട്ടു. കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാപരമായ ദൌർബല്യം പാർട്ടിയിലെ തന്നെ നേതാക്കൾക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയകാര്യ സമിതിയിൽ മുഖത്തുനോക്കി അഭിപ്രായം വിളിച്ചുപറയാൻ കഴിവുള്ളവരെയാണ് കൊണ്ടുവരേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.

തിരഞ്ഞെടുപ്പിൽ തിരിച്ചടി
ന്യൂനപക്ഷം കോൺഗ്രസിൽ നിന്ന് അകന്നത് തദ്ദേശതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്ന് കോൺഗ്രസ് നേതാവ് പിജെ കുര്യൻ നേരത്തെ ആരോപിച്ചിരുന്നു. യുഡിഎഫിന്റെ ശക്തിയായ ന്യൂനപക്ഷം മുന്നണിയിൽ നിന്ന് അകന്നുപോയത് പാർട്ടി വിലയിരുത്തണമെന്നും പിജെ കുര്യൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കോൺഗ്രസിൽ താഴേത്തട്ടുവരെയും ശക്തമായ കമ്മറ്റികളും പ്രവർത്തനവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള കമ്മറ്റികളില്ല. പോരാത്തതിന് ഉള്ളവയുടെ പ്രവർത്തനം തന്നെ മന്ദീഭവിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിനുള്ള കാരണം പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസമാണെന്നും പിജെ കുര്യൻ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസത്തെ വിമർശിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.


ഗ്രൂപ്പിസം ഗുണം ചെയ്യില്ല
തിരഞ്ഞെടുപ്പുകളിൽ നാമനിർദേശം ചെയ്യുന്നത് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലും ഇതേ പ്രവണതയാണുള്ളത്. മെറിറ്റിനേക്കാൾ ഗ്രൂപ്പിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളതെന്ന് കുറ്റപ്പെടുത്തിയ പിജെ ജോസഫ് മെറിറ്റിനാണ് പ്രാഥാന്യം നൽകിയിരുന്നതെങ്കിൽ ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നുവെന്നും പിജെ ജോസഫ് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് വേണ്ടി നോട്ടീസോ അഭ്യർത്ഥനയോ അച്ചടിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സ്ഥാനാർത്ഥികളെ പലയിടത്തും കണ്ടുവെന്നും കോൺഗ്രസ് നേതൃത്വത്തിന്റെ നോട്ടക്കുറവാണ് ഇത്തരത്തിലൊരു അവസ്ഥയ്ക്ക് കാരണമായതെന്നും പിജെ കുര്യൻ പറഞ്ഞു.