കാപ്പാട് ബീച്ചിലെ പ്രവേശന ഫീസ്: പ്രതിഷേധവുമായി നാട്ടുകാരും മത്സ്യത്തൊഴിലാളികളും
കോഴിക്കോട്: ബ്ലൂ ഫാഗ് പദവി ലഭിച്ചതിനു പിന്നാലെ കോഴിക്കോട് കാപ്പാട് ബീച്ചിൽ പ്രവേശന നിരക്ക് ഏർപ്പെടുത്തിയതിനെ ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. ഡിടിപിസി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗത്തിന് തടസ്സമാകുമെന്നാണ് ആക്ഷേപം ഉയരുന്നത്. നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കും സൗജന്യ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കാപ്പാട് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് 50 രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇത് കൂടാതെ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാൻ തുക വേറെയും നൽകണം.
സ്വദേശി-വിദേശി വ്യത്യാസമില്ലാതെയാണ് ഇവിടെ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖംമിനുക്കിയതും ബീച്ചിന് ബ്ലൂ ഫാഗ് പദവി ലഭിച്ചതുമൊക്കെ നാട്ടുകാർക്ക് അഭിമാനമാണ്. എന്നാലിപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചരിത്രപ്രാധാന്യമുള്ള ബീച്ചിനെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് നാട്ടുകാരുടെ വാദം. ബ്ലൂ ഫാഗ് പദവി നിലനിർത്താൻ ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

Recommended Video

തീരും വൃത്തിയാക്കുന്നതിനും തനിമയോടെ സൂക്ഷിക്കുന്നതിനും ചിലവ് വേറെയുണ്ട്. ഇതിനുള്ള പണം കണ്ടെത്തുന്നതിനാണ് പ്രവേശന തുക ഈടാക്കുന്നത്. ജനങ്ങൾക്ക് അവകാശപ്പെട്ട ഒരു പൊതു സ്ഥലം എന്ന നിലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരക്കുകൾക്കെതിരെ പ്രതിഷേധിക്കും എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അതേസമയം ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് നിരക്ക് കുറക്കുമെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications