കോഴിക്കോട് സിപിഎമ്മിന് തലവേദനായാകും: ആർജെഡിക്ക് പിന്നാലെ സീറ്റിന് അവകാശവാദവുമായി ഐഎന്‍എല്ലും
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ അവകാശവാദമുന്നയിക്കാല്‍ എല്‍ ഡി എഫ് ഘടകക്ഷികളായ ഐ എന്‍ എല്ലും ആർ ജെ ഡിയും. വരാനിരിക്കുന്ന മുന്നണിയോഗത്തില്‍ ഇരുപാർട്ടികളും തങ്ങളുടെ ആവശ്യം മുന്നണിയെ അറിയിക്കും. ഇത് ആദ്യമായാണ് ഐ എന്‍ എല്‍ ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിക്കാന്‍ പോകുന്നത്. ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ഐ എന്‍ എല്‍ സംസ്ഥാന സമിതി യോഗത്തിലുണ്ടായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ തോല്‍പ്പിച്ച് കോഴിക്കോട് സൌത്ത് മണ്ഡലം പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ പാർട്ടിക്ക് ലോക്സഭ സീറ്റും ആവശ്യപ്പെടാമെന്നാണ് പാർട്ടിയിലെ പൊതു വികാരം. കോഴിക്കോട് നോർത്തിലെ എം എല്‍ എ ആയിരുന്ന എ പ്രദീപ് കുമാറായിരുന്നു കഴിഞ്ഞ തവണ എല്‍ ഡി എഫിന് വേണ്ടി മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നത്.

2009 മുതല്‍ കോഴിക്കോട് സീറ്റില്‍ എല്‍ ഡി എഫ് പരാജയപ്പെടുകയാണ്. അതേസമയം സീറ്റ് സംബന്ധിച്ച് വലിയ തർക്കത്തിലേക്കോ പിടിവാശിയിലേക്കോ പോകില്ലെന്നും ഐ എന്‍ എല്‍ നേതാക്കള്‍ അറിയിക്കുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തണമെന്നാണ് സംസ്ഥാന സമിതി യോഗത്തിലെ തീരുമാനം.
മറുവശത്ത്, ആർ ജെ ഡിയും സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജെ ഡി എസുമായുള്ള ലയനം സാധ്യമായില്ലെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന് തങ്ങള്‍ക്ക് അർഹതയുണ്ടെന്നാണ് ആർ ജെ ഡി നേതാക്കളുടെ അവകാശവാദം. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത മുന്നണിയിലെ ഏക ഘടകക്ഷി തങ്ങളാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ കോഴിക്കോട് സീറ്റില്‍ ജെ ഡി എസായിരുന്നു മത്സരിച്ചിരുന്നത്. 1991 ലാണ് കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ജെ ഡി എസ് ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. എംപി വീരേന്ദ്രകുമാറായിരുന്നു സ്ഥാനാർത്ഥിയെങ്കിലും കോണ്‍ഗ്രസിലെ കെ മുരളീധരനോട് പരാജയപ്പെട്ടു. 1996 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് ജെ ഡി എസിന് നല്‍കി. എംപി വീരേന്ദ്ര കുമാറും കെ മുരളീധരനും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇത്തവണ വിജയം ജനത നേതാവിനൊപ്പം നിന്നു.
1998 ല്‍ വീരേന്ദ്ര കുമാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് വേണ്ടി പി ശങ്കരന്‍ സീറ്റ് പിടിച്ചെടുത്തു. 1999 ല്‍ ജെ ഡി എസ് സി എം ഇബ്രാഹീമിനെ രംഗത്ത് ഇറക്കിയെങ്കിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച കെ മുരളീധരനായിരുന്നു വിജയം. 2004 ല്‍ എംപി വീരേന്ദ്രകുമാർ വീണ്ടും എല്‍ ഡി എഫ് സ്ഥാനാർത്ഥിയാവുകയും കോണ്‍ഗ്രസിലെ അഡ്വ. വി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുകയുമായിരുന്നു. എന്നാല്‍ 2009 ല്‍ കോഴിക്കോട് സീറ്റ് സി പി എം തിരിച്ചെടുത്തത് ജെ ഡി എസിലെ പിളർപ്പിന് ഇടയാക്കുകുയം വിരേന്ദ്ര കുമാറും കൂട്ടരും മുന്നണി വിടുകയുമായിരുന്നു.












Click it and Unblock the Notifications