കെ മുരളീധരന്‍ കൊള്ളാം, പക്ഷെ മണ്ഡലം യുഡിഎഫിനെ കൈവിടും: വടകരയില്‍ എല്‍ഡിഎഫെന്ന് മനോരമ സർവ്വെ
കോഴിക്കോട്; 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് യു ഡി എഫ് നിരയില്‍ ഏറ്റവും അവസാനം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു കെ മുരളീധരന്‍. വടകരയില്‍ പി ജയരാജനെ നേരിടാന്‍ പാർട്ടി നിയോഗിക്കുമ്പോള്‍ വട്ടിയൂർക്കാവ് എം എല്‍ എ എന്ന നിലയില്‍ ദീർഘനാളായി തലസ്ഥാനം കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലായിരുന്നു അദ്ദേഹം.
പ്രചരണത്തിന് വളരെ ചുരുക്കം സമയം മാത്രമാണ് ലഭിച്ചിരുന്നതെങ്കിലും കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തരംഗത്തില്‍ വടകരയില്‍ കെ മുരളീധരനും റെക്കോർഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കെ മുരളീധരനിലൂടെ പിടിച്ച വടകര യു ഡി എഫ് നിലനിർത്തുമോ? അതോ എല്‍ ഡി എഫ് തിരികെ പിടിക്കുമോ എന്നുള്ള ചോദ്യങ്ങള്‍ വീണ്ടും മണ്ഡലത്തില്‍ സജീവമായി.

കഴിഞ്ഞ ദിവസം പുറത്ത് വന്ന മനോരമന്യൂസ്-വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പ്രകാരം വടകരയില്‍ കെ മുരളീധരന് നല്ല ജനപ്രീതിയാണ് ഉള്ളതെന്നാണ് വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 40.65 ശതമാനം പേര്‍ എംപിയെന്ന നിലയില്‍ മുരളീധരന്റെ പ്രകടനം ഏറ്റവും മികച്ചതാണെന്നാണ് അഭിപ്രായപ്പെടുന്നത്. 29.46 ശതമാനം ആളുകള്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ 6.23 ശതമാനം പേർക്ക് മാത്രമാണ് കെ മുരളീധരന്റ കാര്യത്തില്‍ തീർത്തും മോശം എന്ന അഭിപ്രായമുള്ളത്. 3.12 ശതമാനം തീരെ മോശമെന്നും വിലയിരുത്തി. 20.543 ശതമാനം പേര്‍ മുരളീധരന് ശരാശരി മാര്‍ക്ക് നല്‍കുന്നു. മുരളീധരന്റെ കാര്യത്തില്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും വടകര മണ്ഡലം എല്‍ ഡി എഫ് തിരികെ പിടിച്ചേക്കുമെന്നാണ് സർവ്വേ അവകാശപ്പെടുന്നത്.
2019 ല്‍ മണ്ഡലത്തില്‍ യു ഡി എഫിന് 49.41 ശതമാനം വോട്ടായിരുന്നു ലഭിച്ചതെങ്കില്‍ 2024 ല്‍ അത് 42.63 ശതമാനമായി ഇടിഞ്ഞേക്കും. അതേസമയം, 43.48 ശതമാനം വോട്ടുമായി എല്‍ ഡി എഫ് മണ്ഡലം പിടിച്ചേക്കും. വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നതിനാല് യു ഡി എഫിന്റെ സാധ്യതകളും പൂർണ്ണമായി തള്ളികളയാന്‍ സാധിക്കില്ല. ബി ജെപിക്ക് 10 ശതമാനം വോട്ട് മാത്രമാണ് ലഭിക്കുക.
2019 ല്‍ സി പി എമ്മിലെ കരുത്തനായ പി ജയരാജനെ 84663 വോട്ടിനായിരുന്നു കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. കെ മുരളീധരന് 5,26,755 വോട്ട് ലഭിച്ചപ്പോള്‍ എതിർ സ്ഥാനാർത്ഥി പി ജയരാജന് 4,42,092 വോട്ട് ലഭിച്ചു. 80,128 വോട്ടുമായി ബി ജെ പിയുടെ വികെ സജീവന്‍ മൂന്നാം സ്ഥാനത്തുമായി.












Click it and Unblock the Notifications