നാമനിർദേശ പത്രിക സമർപ്പണം: ആദ്യ ദിനത്തില്‍ കോഴിക്കോട് പത്രിക സമർപ്പിച്ചത് ഒരാള്‍ മാത്രം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക നൽകൽ ആരംഭിച്ചു. കോഴിക്കോട് പാർലമെന്റ് മണ്ഡലം എസ് യു സി ഐ സ്ഥാനാർഥി ഡോ. എം .ജ്യോതിരാജ് ആദ്യ ദിവസമായ വ്യാഴാഴ്ച നാമനിർദ്ദേശപത്രിക നൽകി. കഴിഞ്ഞ തവണ എസ് യു സി ഐ സ്ഥാനാർത്ഥിയായി മത്സരിച്ച എ ശേഖറിന് 1160 വോട്ട് നേടാന്‍ സാധിച്ചിരുന്നു.
ജില്ലാ കലക്ടറും വരണാധികാരിയുമായ സ്നേഹിൽ കുമാർ സിംഗിനാണ് പത്രിക നൽകിയത്. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശ പത്രിക നൽകാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നൽകേണ്ടത്.

കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും ഉപവരണാധികാരി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയുമാണ്. എ ഡി എം കെ അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി. ഉപവരണാധികാരി വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് പി. കലക്ടറേറ്റില്‍ വച്ചാണ് ഇരു മണ്‌ലങ്ങളിലേക്കുമുള്ള നാമനിര്‍ദ്ദേശപ്പത്രികകള്‍ സ്വീകരിക്കുന്നത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക നൽകൽ ഉണ്ടാകില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
സംസ്ഥാനത്ത് ഏപ്രിൽ 26നു പൊതു അവധി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.












Click it and Unblock the Notifications