ലോക്സഭ തിരഞ്ഞെടുപ്പ് 2024: കോഴിക്കോട് ജില്ലയിൽ സ്ക്വാഡുകൾ ഇതുവരെ പിടികൂടിയത് 34,41,900 രൂപ
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോഴിക്കോട് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സർവൈലൻസ് സ്ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടുപോയ
177400 രൂപ ഇന്ന് പിടികൂടി. ഇതുവരെ ജില്ലയിൽ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന് കീഴിലെ വിവിധ സ്ക്വാഡുകൾ മതിയായ രേഖകളുടെ അഭാവത്തിൽ കൊണ്ടുപോയ 34,41,900 രൂപ പിടികൂടിയിട്ടുണ്ടെന്ന് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ അറിയിച്ചു.
ഇതിൽ ഒരു വ്യക്തിയിൽ നിന്നു മാത്രം പിടികൂടിയ 31 ലക്ഷം രൂപ ആദായ നികുതി വകുപ്പിന് കൈമാറി. ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചിലവാക്കാവുന്ന തുക 95 ലക്ഷം രൂപയാണ്. എന്നാൽ സ്ഥാനാർഥികൾ ഇതിൽ കൂടുതൽ തുക ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ജില്ലാ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്.

സ്ഥാനാർഥികളുടെ പോസ്റ്ററുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ റാലികൾ, പ്രകടനങ്ങൾ, എന്നിവയെല്ലാം ജില്ലാ ഇലക്ഷൻ എക്സ്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നിരീക്ഷിക്കുകയും വീഡിയോ പകർത്തുകയും അവ പരിശോധിച്ച് നിശ്ചിത നിരക്കുകളുടെ അടിസ്ഥാനത്തിൽ വില നിശ്ചയിച്ച് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അത് സ്ഥാനാർഥികളുടെ ചെലവ് രജിസ്ട്രറുമായി ചേർത്ത് പരിശോധന നടത്തുകയും ചെയ്യും.
ഇതിനാൽ സാമ്പത്തിക പരിധിയിൽ നിന്നുകൊണ്ട് പ്രചാരണം നടത്തുന്നതിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ശ്രദ്ധിക്കണമെന്ന് എക്സ്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ അറിയിച്ചു. അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ഡ്രഗ്‌സ്, പാരിതോഷികങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനു വിവിധ സ്കാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
അതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ഫ്ലയിംഗ് സ്ക്വാഡുകൾ വാഹനപരിശോധന വ്യാപകമാക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പു ചെലവ് സംബന്ധമായ പരാതികൾ 18004258083 ടോൾ ഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
ഇന്ന് ഒരാള്‍കൂടെ നാമനിർദേശ പത്രിക സമർപ്പിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഇന്ന് ഒരാൾ കൂടി നാമനിർദേശ പത്രിക നൽകി. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനാണ് പത്രിക സമർപ്പിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് മുൻപാകെയാണ് പത്രിക നൽകിയത്. വടകര ലോകസഭാ മണ്ഡലത്തിൽ ഇന്ന് ആരും പത്രിക സമർപ്പിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏപ്രിൽ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
സ്ഥാനാർത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാൾക്കോ നാമനിർദ്ദേശ പത്രിക നൽകാവുന്നതാണ്. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നൽകേണ്ടത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗും ഉപവരണാധികാരി സബ് കലക്ടർ ഹർഷിൽ ആർ മീണയുമാണ്.












Click it and Unblock the Notifications