ലോകസഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച മുതല്‍
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമർപ്പണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഏപ്രില്‍ നാല് വരെ പത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് എന്നീ ദിവസങ്ങള്‍ ഒഴികെ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.
പത്രികകള്‍ ജില്ലാ വരണാധികാരിക്കോ പ്രത്യേക ചുമതല നല്‍കിയിട്ടുള്ള സഹവരണാധികാരിയായ തൃശൂര്‍ സബ് കലക്ടര്‍ക്കോ സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ ലഭിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ.

പൊതു വിഭാഗത്തിന് 25000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. ഈ ഇളവിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.
പത്രിക സമര്‍പ്പിക്കുന്ന ദിവസത്തിന് മുമ്പായി തിരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ഥികള്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതിലൂടെ മാത്രമേ ഇലക്ഷന്‍ ചെലവ് നടത്താവൂ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ലഭ്യമാക്കണം. പത്രികകളുടെ സൂക്ഷ്്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്.
ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വരണാധികാരിയുടെ ഓഫീസ് പരിസരത്ത് വിന്യസിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിക്കുന്നു.
രേഖകളില്ലാത്ത 106500 രൂപ പിടിച്ചെടുത്തു
ഫ്ലയിംഗ് സ്ക്വാഡ് വാഹനപരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 106500 രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ചിലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും
തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതോടെ കൂടുതൽ നിരീക്ഷണത്തിനായി സ്ക്വാഡുകൾ പരിശോധനക്ക് ഇറങ്ങും. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ മനോജൻ കെ പി അറിയിച്ചു.












Click it and Unblock the Notifications