ലവ് ജിഹാദ് മനഃപൂര്‍വം കെട്ടി ചമച്ച അജണ്ട; കോടഞ്ചേരിയിലെ ദമ്പതികള്‍ക്ക് ഡിവൈഎഫ്‌ഐ പിന്തുണ
കോഴിക്കോട്: കോടഞ്ചേരിയിലെ വിവാഹ വിവാദവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മതംമാറി വിവാഹിതനായ ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എം എസിനെതിരെയാണ് സി പി എം നടപടിക്ക് ഒരുങ്ങുന്നത്. കോടഞ്ചേരിയില്‍ മത സ്പര്‍ധ വളര്‍ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി വൈ എഫ് ഐ. ഷെജിന്‍ എം.എസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്‌ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടി തന്ന അനേകം നേതാക്കള്‍ ഡിവൈഎഫ്‌ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.

സ്ഥാപിത വര്‍ഗ്ഗീയ താത്പര്യക്കാര്‍ പൊതു ബോധമായി ഇത്തരം വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്സ്‌നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

അതേസമയം, ഷെജിന്റെ നടപടി പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഒരു സമുദായം പാര്‍ട്ടിക്കെതിരെ തിരിഞ്ഞെന്നും പ്രണയം പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് തോമസ് പറയുന്നു. കോടഞ്ചേരിയില്‍ നടത്താനിരുന്ന വിശദീകരണ യോഗത്തില്‍ ലൗ ജിഹാദ് എന്ന പദപ്രയോഗം നടത്തിയത് സംബന്ധിച്ച വിവാദത്തിലും ജോര്‍ജ് എം തോമസ് നിലപാട് വ്യക്തമാക്കുന്നുണ്ട്. വിശദീകരണ യോഗത്തിന്റെ പോസ്റ്ററില്‍ ലൗജിഹാദ് എന്ന് കൊടുത്തത് ആളെ ആകര്‍ഷിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇതിനിടെ വിഷയത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചാണ് രാഹുലിന്റെ വിമര്‍ശനം. പോസ്റ്റ് ഇങ്ങനെ, ശ്രീ റഹീം,
രണ്ട് കാര്യം ചോദിക്കാനുണ്ട്. ഇല്ലാത്ത ഭീഷണിയുടെ പേരു പറഞ്ഞ് പലരെയും സംരക്ഷിക്കുമെന്ന് പറയുന്നതിനു പകരം, സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് ആ ഡിവൈഎഫ്‌ഐക്കാരനെ സംരക്ഷിക്കുമോ? ഡിവൈഎഫ്‌ഐഅഖിലേന്ത്യാ നേതാവിനോടുള്ള രണ്ടാമത്തെ ചോദ്യം കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ? ഉത്തരമുണ്ടോ? പറ്റത്തില്ലെങ്കില്‍ വേറെ വല്ല പണിക്കും പോ ചെങ്ങാതി- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications