നിര്‍മാതാവിന്റെ ചുറ്റും വെടിവച്ചു; വീട് നഷ്ടമായ വില്‍സണ്‍ ഇറങ്ങിപ്പോയില്ല... പോലീസിനെ വിളിച്ചു
കോഴിക്കോട്: സിനിമ നിര്‍മിച്ച് പ്രതിസന്ധിയിലായ വ്യക്തിക്ക് വീട് നഷ്ടമായി. കോടതി വിധി എതിരായതോടെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ട സാഹചര്യം. ഇറങ്ങിപ്പോകില്ലെന്ന് പറഞ്ഞ് വീട്ടുപറമ്പില്‍ സാധനങ്ങളുമായി ഇരുന്നു നിര്‍മാതാവും കുടുംബവും. തുടര്‍ന്ന് ഒഴിപ്പിക്കാന്‍ ഗുണ്ടകളെത്തി. ബല പ്രയോഗം നടത്തി. ഭീഷണിപ്പെടുത്താന്‍ വെടിവച്ചു. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. ബാലുശേരി പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റ് ചെയ്തു.
2016ല്‍ പുറത്തിറങ്ങിയ വൈഡൂര്യം എന്ന സിനിമയുടെ നിര്‍മാതാവാണ് നന്മണ്ട പന്ത്രണ്ടു മഠത്തില്‍ വില്‍സണ്‍. രണ്ടര കോടിയിലധികം ചെലവ് വന്നു നിര്‍മാണത്തിന്. റിലീസ് ചെയ്യാന്‍ വീണ്ടും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വായ്പയെടുത്തു. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല. സാമ്പത്തികമായി പ്രതിസന്ധിയിലായ വില്‍സന്റെ വീട് പോലും നഷ്ടപ്പെടുമെന്ന സാഹചര്യം വന്നു. വീട് പണയപ്പെടുത്തിയാണ് വായ്പ എടുത്തിരുന്നത്. വീട് ലേലം ചെയ്തു. വീട് നഷ്ടമാകുമെന്ന സാഹചര്യത്തില്‍ വില്‍സണ്‍ കോടതിയെ സമീപിച്ചു. കോടതി വിധി വില്‍സണ് എതിരായിരുന്നു.

പോകാന്‍ ഇടമില്ലാതായതോടെ കുടുംബം പ്രതിസന്ധിയിലായി. വാടക വീട് കണ്ടെത്താനും സാധിച്ചില്ല. വില്‍സണും ഭാര്യയും രണ്ടു മക്കളും വീട്ടുപറമ്പില്‍ തന്നെ ഇരുന്നു. രാത്രി വൈകിയാണ് മൂന്നംഗ സംഘമെത്തി വില്‍സണോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബഹളമായി. ഇതിനിടെ വന്നവരില്‍ ഒരാള്‍ ആകാശത്തേക്ക് വെടിവച്ചു. ശേഷം കുടുംബത്തിന് ചുറ്റും വെടിവച്ചു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. പോലീസില്‍ വിവരം അറിയിച്ചു. ബാലുശേരി പോലീസ് എത്തി രണ്ടുപേരെ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ചെറുവാടി സ്വദേശി മുനീര്‍, ഓമശേരി സ്വദേശി ഷാഫി എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സത്യന്‍ എന്നയാളുമായിട്ടാണ് വില്‍സണ്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നത് എന്നാണ് സൂചന. ഇടപാടിനെ ചൊല്ലി ഹൈക്കോടതിയിലായിരുന്നു കേസ്. സത്യന് അനുകൂലമായിട്ടായിരുന്നു വിധി. ശനിയാഴ്ച ഉച്ചയോടെ പോലീസും ഉദ്യോഗസ്ഥരുമെത്തി കോടതി ഉത്തരവ് പ്രകാരം വീട് ഒഴിപ്പിച്ചു. വില്‍സണും കുടുംബവും എവിടെയും പോയില്ല. സാധനങ്ങളുമായി അവര്‍ വീടിന് പുറത്തിരുന്നു. രാത്രിയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ എത്തിയതും വെടിവച്ചതും. രക്ഷപ്പെട്ട അക്രമി സംഘത്തിലെ ഒരാളെ വൈകാതെ പിടിക്കുമെന്നാണ് വിവരം. അറസ്റ്റിലായവരില്‍ നിന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാലുശേരി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications