ഒളിഞ്ഞുനോട്ടക്കാരൻ പിടിയിൽ: പ്രതിയെ കാണാൻ നാട്ടുകാരുടെ തിരക്ക്, സംഘർഷവേദിയായി പോലീസ് സ്‌റ്റേഷന്‍
കോഴിക്കോട്: ഒളിഞ്ഞുനോട്ടക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കാണാൻ പോലീസ് സ്‌റ്റേഷനിലേക്ക് ജനപ്രവാഹം. കൂട്ടമായെത്തിയവർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് നാട്ടുകാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. കോഴിക്കോട് ബേപ്പൂരിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വീടുകളിൽ ഒളിഞ്ഞുനോക്കിയ സംഭവത്തിൽ രാമനാട്ടുകര പൂക്കാട്ട് പറമ്പ് പ്രതീഷ് (30) എന്ന യുവാവിനെ കഴിഞ്ഞ 24ന് നാട്ടുകാർ പിടികൂടിയിരുന്നു. പരാതിക്കാരില്ലാത്തതിനാൽ വിട്ടയച്ച ഇയാളെ തിങ്കളാഴ്ച സമാനമായ പരാതിയിൽ വീണ്ടും അറസ്റ്റ് ചെയ്തു. ഉച്ചയോടെ വിവരമറിഞ്ഞെത്തിയവർ പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. മൂന്നുതവണ ആളെ തിരിച്ചറിയാനായി നാട്ടുകാർക്ക് കാണിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്തും സുരക്ഷയുടെ ഭാഗമായും വേഗം സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി. വരുന്നവരെല്ലാം പ്രതിയെ കാണണം എന്നാവശ്യപ്പെടുകയും കൈയേറ്റത്തിന് മുതിരുകയുംചെയ്തു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ജനക്കൂട്ടം തയ്യാറായില്ല. ഇതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറിനൊപ്പം ജനക്കൂട്ടം സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതായും കൃത്യനിർവഹണം തടസപ്പെടുത്തിയതായും പോലീസ് പറയുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരെ റിമാൻഡ് ചെയ്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസുണ്ട്. മുപ്പതോളം വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്‌റ്റേഷൻ ഓഫീസർ ഇൻസ്‌പെക്ടർ ടി.എൻ. സന്തോഷ് കുമാർ, എസ് ഐമാരായ റെനീഷ് കെ. ഹാരിസ്, കെ. എക്‌സ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സൗത്ത് അസി. കമീഷണർ എ.ജെ. ബാബു സ്ഥലം സന്ദർശിച്ചു.
അറസ്റ്റിലായ പ്രതീഷിനെ റിമാൻഡ് ചെയ്തു. റസിഡന്റ്‌സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. വീടുകളിൽ അതിക്രമിച്ചു കയറൽ, സ്ത്രീകളുടെ സ്വകാര്യത ഹനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇയാളുടെ മൊബൈൽഫോൺ വിശദമായി പരിശോധിച്ചുവരികയാണ്.
വീടുകളിൽ ഒളികാമറ സ്ഥാപിച്ച് സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനു നാലുവർഷം മുമ്പ് ഇയാൾക്കെതിരേ ഫറോക്ക് പോലീസ് കേസെടുത്തിരുന്നതായി പോലീസ് അറിയിച്ചു. ഒരു മാസത്തിലേറെയായി ബേപ്പൂരിലെ തീരദേശ മേഖലയിലെ വീടുകളിൽ ഒളിഞ്ഞുനോട്ട ശല്യമുണ്ടായിരുന്നു. നാട്ടുകാർ കാവലിരുന്നാണ് ഇക്കഴിഞ്ഞ് 24ന് പ്രതീഷിനെ പിടികൂടി പോലീസിനു കൈമാറിയത്. എന്നാൽ പരാതിയില്ലെന്ന കാരണം പറഞ്ഞ് ഇയാളെ വിട്ടയക്കുകയാണുണ്ടായത്. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.












Click it and Unblock the Notifications