മുക്കത്ത് അരക്കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ: അറസ്റ്റ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
മുക്കം: അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി മുക്കം വലിയപറമ്പ് സ്വദേശി പെരിലക്കാട് അബ്ദുറഹ്മാൻ എന്ന അബ്ദു(55) മുക്കം പോലീസിന്റെ പിടിയിലായി. താമരശ്ശേരി ഡിവൈഎസ്പി എം. സുബൈറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം എസ്.ഐ കെ.പി അഭിലാഷും സംഘവും നടത്തിയ രഹസ്യ നീക്കത്തിലാണ് രാത്രി എട്ടുമണിയോടെ എടവണ്ണ സംസ്ഥാന പാതയിൽ വലിയപറമ്പിന് സമീപം റോഡരികിൽ വെച്ച് ഇയാൾ പിടിയിലായത്. മുമ്പ് പലതവണ കഞ്ചാവ് കേസിൽ പിടിയിലായ അബ്ദു മുക്കത്തും പരിസരത്തും വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്ന് എസ്.ഐ കെ.പി അഭിലാഷ് പറഞ്ഞു.
മുമ്പ് പലതവണ എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം ലഹരി മരുന്നുകൾ പിടികൂടുന്നതിനു വേണ്ടി ശക്തമായ തിരച്ചിൽ നടത്താൻ ജില്ലാ പോലീസ് മേധാവി ജി ജയദേവ് പോലീസ് സ്റ്റേഷനുകളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.

മുക്കം എസ്ഐ കെ പി അഭിലാഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സലീം മുട്ടത്ത്, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, സിപിഒമാരായ ശ്രീജേഷ് വി.എസ്, ശ്രീകാന്ത് കെട്ടാങ്ങൽ, ലിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം എസ്.ഐ അറിയിച്ചു.












Click it and Unblock the Notifications