സ്വർണക്കട കൊള്ളയടിക്കാനെത്തിയ തോക്കുധാരിയെ കീഴ്പ്പെപ്പെടുത്തിയത് മനുവിന്റെ ആത്മധൈര്യം
മുക്കം: തോക്കുചൂണ്ടി സ്വർണക്കട കൊള്ളയടിക്കാനെത്തിയ മോഷ്ടാക്കളെ വീഴ്ത്തിയത് മനു എന്ന ചെറുപ്പക്കാരന്റെ ഹീറോയിസം. നാടിനെ നടുക്കിയ സംഭവത്തിൽ പ്രതികളിലൊരാളെ മോഷണസമയത്ത് തന്നെ കീഴ്പ്പെടുത്താനായത് ജ്വല്ലറിയിലെ ജീവനക്കാരനായ മനുവിന്റെ മനോധൈര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. നിറതോക്കുകളുമായി നിൽക്കുന്ന മോഷ്ടാക്കളുടെ അടുത്തേക്ക് മനു ധൈര്യസമേതം പാഞ്ഞടുക്കുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മനുവിന്റെ ധീരത പുറം ലോകമറിയുന്നത്.
ജ്വല്ലറിയിലെത്തിയ 3 അംഗ സംഘം മാനേജറെ തോക്കിൻ മുനയിൽ നിർത്തി വെറും ഒരു മിനുട്ടിനകം പന്ത്രണ്ടര പവനോളം സ്വർണ്ണം മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഈ സമയത്താണ് മനു സ്വന്തം ജീവൻ പോലും പണയം വെച്ച് തോക്കുധാരിയായ യുവാവിന്റെ അടുത്തേക്ക് പാഞ്ഞടുത്തത്. പെട്ടന്നുള്ള ഈ ആക്രമണം പ്രതീക്ഷിക്കാതിരുന്ന മോഷ്ടാക്കൾ അൽപ്പസമയമൊന്ന് പതറിപ്പോയി. ഈ സമയം ധാരാളം മതിയായിരുന്നു മനുവിന്.

തോക്കിൽ കയറിപ്പിടിക്കാനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് വെടിയുതിർക്കാനായി തോക്ക് ലോഡ് ചെയ്തങ്കിലും മനുവിന്റെയും മറ്റു ജീവനക്കാരുടേയും അവസരോചിതമായ ഇടപെടലിൽ മോഷ്ടാവിന് വെടി ഉതിർക്കാനായില്ല. ഇതോടെ വലിയ ഒരു ദുരന്തം ഒഴിവാവുക കൂടി ചെയ്തു. ജീവനക്കാർ ഒന്നിച്ച് പ്രതിരോധിച്ചതോടെ മറ്റു രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ മുക്കം റോഡിലേക്കും മറ്റൊരാൾ ഓമശ്ശേരി ഭാഗത്തേക്കുമാണ് ഓടി രക്ഷപ്പെട്ടത്.
ഈ ചെറുപ്പക്കാരന്റെ ധൈര്യം കൊണ്ടുമാത്രമാണ് ഒരുപക്ഷെ ഒരു തുമ്പും കിട്ടാതെ പോകുമായിരുന്ന ഒരു കേസിലെ അക്രമികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും ഒരു പ്രതിയെ എങ്കിലും പിടിക്കാനും സാധിച്ചത്. ഒരാളെയെങ്കിലും കിട്ടിയതു കൊണ്ട് പോലീസിനും തലവേദന കുറഞ്ഞിട്ടുണ്ട്. കോടഞ്ചേരി കളത്തിപ്പറമ്പിൽ ബാബുവിന്റെയും രാധയുടെയും മകനാണ് മനു.












Click it and Unblock the Notifications