മൊബൈൽ ഫോണിന്റെ പേരിൽ വഴക്ക്: യുവാവ് സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്
കോഴിക്കോട്: മൊബൈൽ ഫോൺ തകർത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഫോൺ തകർത്തതിന് പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതിനിടെയാണ് അനിയന്റെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്. മുക്കത്തെ മാമ്പറ്റയിലാണ് സംഭവം. ജ്യോതിഷ് എന്ന യുവാവാണ് അനുജനായ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.

ജിതേഷിന്റെ ഫോൺ ജ്യോതിഷിന്റെ കൈയിൽനിന്നു വീണു തകർന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ കുപിതനായ അനിയൻ ജ്യേഷ്ഠന്റെ ഫോണും തകർക്കുകയായിരുന്നു. ഇതിനിടെ കത്തിയുമായെത്തിയ ജ്യോതിഷ് അനിയന്റെ തലയ്ക്കു വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സഹോദരൻ ആക്രമിച്ചതോടെ പരിക്കേറ്റ ജിതേഷിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. പരിചരണത്തിൽ കഴിയുകയാണ്. തലയ്ക്ക് ആഴത്തിൽ മുറിവുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications