• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: 100കോടി രൂപ അനുവദിച്ചു, തെരഞ്ഞെടുപ്പ് പ്രചാരണമാകരുതെന്ന്

  • By Desk

കോഴിക്കോട് : ഏറെക്കാലമായി ചർച്ച ചെയ്യുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് 100 കോടി രൂപ നൽകാൻ അനുമതി. പൊതുമരാമത്ത് വകുപ്പ് നേരത്തെ ഭരണാനുമതി നൽകിയ 234.5 കോടിയിലെ ആദ്യ ഗഡുവാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഇക്കഴിഞ്ഞ എട്ടിനാണ് വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തുക അടുത്തമാസം ആദ്യം കൈമാറും. സ്ഥലമേറ്റെടുപ്പ് പൂർത്തിയാവുന്നതോടെ റോഡ് നവീകരണ നടപടികൾ ഇനി വേഗത്തിലാവും.

കുമ്മനത്തിന് കേശവൻ മാമന്റെയും സുമേഷ് കാവിപ്പടയുടെയും നിലവാരം'! പരിഹസിച്ച് തോമസ് ഐസക്

റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 234.5 കോടിയുടെ പുതുക്കിയ പദ്ധതി നിർദേശത്തിന് കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ അനുമതി നൽകിയത്. മൂന്ന് ഘട്ടങ്ങളിലായാണ് തുക അനുവദിക്കുക. ഇതനുസരിച്ചാണ് ആദ്യ വിഹിതമായി ഇപ്പോൾ 100 കോടി അനുവദിച്ചത്. ഭൂമി ഏറ്റെടുക്കലിനായി തുക അനുവദിക്കാൻ എ. പ്രദീപ് കുമാർ എംഎൽഎ മന്ത്രി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കത്തും നൽകി. ബജറ്റ് ചർച്ചയിൽ ആദ്യ ഗഡു ഫെബ്രുവരിയിൽ കൈമാറുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ടിൽ നിന്നാണ് 100 കോടി അനുവദിച്ചത്. മുൻ എൽഡിഎഫ് സർക്കാരാണ് ഏഴ് റോഡുകളെ ഉൾപ്പെടുത്തി നഗര പാത നവീകരണം ആവിഷ്‌കരിച്ചത്. ഇതിൽ ആറും പൂർത്തിയായി. ഏറ്റവും ദൈർഘ്യമേറിയ റോഡ് ആയതിനാൽ മാനാഞ്ചിറ-വെള്ളിമാട്കുന്നിന്റെ സ്ഥലമേറ്റെടുക്കൽ വൈകിയിരുന്നു.

റോഡ് വികസനത്തിനായി 4.70178 ഹെക്ടർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. രേഖകൾ സമർപ്പിച്ചവർക്ക് 112 കോടി ഇനിയും നൽകാനുണ്ട്. ഇതിന് ഇപ്പോൾ അനുവദിച്ച തുക വിനിയോഗിക്കും. പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിനാണു തുക കൈമാറുക. തുടർന്ന് ഗവർമെന്റ് പ്ലീഡറെ നിയോഗിച്ച് ഭൂവുടമകൾക്കു തുക കൈമാറും. 8.44 കിലോ മീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാല് വരിയായാണ് റോഡ് നിർമിക്കുക. 490 ഭൂവുടമകളുടെ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ 400 പേരും സമ്മതപത്രം നൽകിയിട്ടുണ്ട്. ഇവരിൽ 196 പേരുടെ ഭൂമി ഏറ്റെടുത്തു. 110 കോടി രൂപയാണ് ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചത്.

അതേസമയം 100 കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാകരുതെന്ന് റോഡ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ധനകാര്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ഫെബ്രുവരിയിൽ ലഭിക്കേണ്ട ഫണ്ടാണിത്. രേഖകൾ സമർപ്പിച്ചു കാത്തിരിക്കുന്നവരെ ഇനിയും നിരാശരാക്കാതെ അടുത്തമാസം തന്നെ ഫണ്ട് റിലീസ് ചെയ്തു വിതരണം തുടങ്ങണം. പ്രമുഖ ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണന്റെ അധ്യക്ഷതയിലുള്ള ആക്ഷൻ കമ്മിറ്റിയുടെ നിരന്തര ഇടപെടലാണ് ഇപ്പോൾ തുക അനുവദിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ചചെയ്യാൻ വെള്ളിയാഴ്ച യോഗം ചേരുമെന്ന് വർക്കിംഗ് പ്രസിഡന്റ് മാത്യൂ കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ എന്നിവർ അറിയിച്ചു.

Kozhikode

English summary
mananchira- vellimadukunnu road construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X