കാലവർഷം കനത്തു: വടകര താലൂക്കിൽ 25 വീടുകൾ തകർന്നു-നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
വടകര: കാലവർഷം ശക്തമായതോടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടം. വീടുകളും, കടകളും, റോഡുകളും വെള്ളത്തിൽ മുങ്ങിയതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസ്സങ്ങൾ നേരിട്ടു. താലൂക്കിലെ വിവിധ വില്ലേജ് പരിധികളിലായി അഞ്ചു വീടുകൾ പൂർണ്ണമായും,ഇരുപത് വീടുകൾ ഭാഗികമായും തകർന്നു.കല്ലാച്ചി വരിക്കോളിയിൽ മണകുളങ്ങര ഭാഗത്ത് കനാൽ പൊട്ടിയതിനാൽ പ്രദേശമാകെ ഒറ്റപ്പെട്ട നിലയിലായി.
വീടുകളും, റോഡുകളും വെള്ളത്തിൽ മുങ്ങിയതോടെ രക്ഷാ പ്രവർത്തനങ്ങൾക്കും തടസ്സം നേരിട്ടു.താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നതായി താലൂക്ക് ഓഫീസ് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചു.പുറമേരി ഇളയിടം എൽ.പി.സ്കൂളിൽ ഒരു കുടുംബത്തേയും,കാവിലുംപാറ ഹയർ സെക്കണ്ടറി
സ്കൂളിൽ ഒരു കുടുംബത്തെയും,നാദാപുരത്ത് എട്ട് കുടുംബത്തെയും, വേളം തീക്കുനിയിൽ 24 കുടുംബങ്ങളെ
ബന്ധു വീടുകളിലേക്കും, കുന്നുമ്മൽ വില്ലേജിൽ അബ്ദുള്ള പാളത്തിലിന്റെ കുടുംബത്തെ ബന്ധു വീട്ടിലേക്കും മാറ്റി താമസിപ്പിച്ചു. മണിയൂർ പഞ്ചായത്തിലെ മാങ്ങാം മുഴി പാലം മുങ്ങിയതിനാൽ ഷട്ടർ തകരുകയും പാലം അപകടാവസ്ഥയിലായിരിക്കുകയുമാണ്. കനാലുകൾ, പാലങ്ങൾ എന്നിവയുടെ അവസ്ഥയെപ്പറ്റി മനസ്സിലാക്കാൻ റവന്യൂ വകുപ്പ് ഇറിഗേഷൻ ഡിപ്പാർട്ട് മെന്റിന് നിർദ്ദേശം നൽകി. വീടുകളിൽ വെള്ളം കയറിയതിനാൽ പുറമേരി വില്ലേജിൽ നിരവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

തീക്കുനി ടൗണിൽ എഴുപത്തി അഞ്ചോളം കടകളിൽ വെള്ളം കയറിയതിനാൽ അൻപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.വേളം ശാന്തി നഗറിൽ എൺപതോളം വീടുകളിൽ വെള്ളം കയറി.നാദാപുരം പാലേരി താഴനിയിൽ വിനോദൻ,ചാത്തോത്ത് താഴ കുനി സുരേഷ് എന്നിവരുടെ വീടുകളിൽ വെള്ളം കയറിയതിനാൽ വീട് പൂർണ്ണമായും തകർന്നു.വാണിമേലിൽ മരം തകർന്ന് വീണ് ഒഴുക്ക് നിലച്ചാൽ കിടങ്ങോട്ട് പാലം കര കവിഞ്ഞു ഒഴുകുന്നു.കുറ്റിയാടിയിൽ 19 വീടുകളിൽ വെള്ളം കയറിയതിനാൽ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പുറമേരി തണ്ണീർപന്തൽ റോഡ് ജങ്ക്ഷൻ മുതൽ കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി വരെയുള്ള റോഡ് പൂർണ്ണമായും വെള്ളത്തിലായി.ഈ ഭാഗത്തുള്ള മുഴുവൻ കടകളും വെള്ളത്തിലായി.വേളം അറുമ്പൻ കുനിയിൽ മോങ്ങരൻ താഴ കുനി റോഡിൽ വെള്ളം കയറിയതിനാൽ 26 വീടുകൾ വെള്ളത്തിലായി.
36 വീടുകൾ ഭീഷണി നേരിടുകയാണ്.വടകര-വില്യാപ്പള്ളി റോഡിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതവും തടസ്സപെട്ടു.മഴ കനത്തതോടെ താലൂക്കിലെ പല ഭാഗങ്ങളിലേക്കും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്.കാലവർഷ കെടുതികൾ വിലയിരുത്താൻ ഇന്നലെ ആർ.ഡി.ഒ വി.പി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.മലയോര മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് യോഗത്തിൽ ജാഗ്രതാ നിർദേശം നൽകി.ഏത് അടിയന്തിര ഘട്ടവും നേരിടാൻ താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ജീവനക്കാർക്ക് ഡ്യൂട്ടി വിഭജിച്ചു നൽകി.












Click it and Unblock the Notifications