മാറാട് കലാപം; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രണ്ടാം മാറാട് കേസിലെ പ്രതികളായ കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയിൽ കോയമോൻ എന്ന ഹൈദ്രോസ്കുട്ടി, മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവര്‍ക്കാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കേസില്‍ യഥാക്രമം 95 ഉം 148 ഉം പ്രതികളാണ് ഇരുവരും. കലാപ ലക്ഷ്യത്തോടെ സ്ഫോടക വസ്തു കൈവശം വച്ചതിലെ വകുപ്പുകൾ, മാരകായുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ പ്രകാരമാണ് ഹൈദ്രോസിന് രണ്ട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സ്പെഷൽ അഡീഷനൽ സെഷൻസ് ജഡ്ജി കെ.എസ്.അംബികയാണ് ശിക്ഷ വിധിച്ചത്.
കലാപ ശേഷം ഒളിവില്‍ പോയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം 2010, 2011 കാലത്തായിരുന്നു ഇവർ പിടിയിലായത്. സർക്കാരിന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ ആർ ആനന്ദ് ഹാജരായി. കേസില്‍ വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെയാണ് പ്രത്യേക കോടതി ഇതുവരെ ശിക്ഷിച്ചത്. 2003 മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 9 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. അരയസമാജത്തിലെ 8 പേരും അക്രമി സംഘത്തിലെ ഒരാളുമാണ് മരിച്ചത്.

2002ൽ പുതുവർഷാഘോഷവുമായി തുടങ്ങിയ തർക്കം 5 പേരുടെ കൊലപാതകത്തിൽ കലാശിച്ചിരുന്നു. ഒന്നാം മാറാട് കാലാപം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് രണ്ടാം മാറാട് കലാപത്തിലേക്ക് നയിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ ചില രാഷ്ട്രീയ നേതൃത്വത്തിന് പങ്ക് ഉണ്ടെന്നും കൂട്ടക്കൊലക്ക് വിദേശ ഫണ്ട് ലഭിച്ചു എന്നും ജസ്റ്റിസ് തോമസ് പിസി ജോസഫ് കമ്മീഷൻ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മുസ്ലീം ലീഗിന്റെയും, നാഷ്ണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വത്തിന്റെയും സമ്മതത്തോടു കൂടിയാണ് കൂട്ടക്കൊല നടന്നെതായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഹിന്ദു ഐക്യവേദി, മുസ്ലീം ലീഗ് സംഘടനകൾ രാഷ്ടീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കേസ് പിന്നീട് സിബിഐക്ക് കൈമാറി. ചില മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരെ പ്രതികളാക്കി 2017 ജനുവരി 19ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ് ഐ ആർ സമർപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications