പാല്‍ സംഭരണം: ക്ഷീര വികസന വകുപ്പ് ഉത്തരവ് റദ്ദാക്കി, 1200 സംഘങ്ങളില്‍ നിന്ന് സംഭരണമുണ്ടെന്ന് മില്‍മ
കോഴിക്കോട്: മലബാര്‍ മില്‍മയുടെ പാല്‍ സംഭരണം സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. ക്വോട്ട സംവിധാനം നിര്‍ത്തി ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഘങ്ങള്‍ സംഭരിക്കണമെന്നും ഈ പാല്‍ നിയന്ത്രണങ്ങളില്ലാതെ മലബാര്‍ മില്‍മ എടുക്കണമെന്നുമായിരുന്ന ഉത്തരവ്.

ക്ഷീര കര്‍ഷകനായ ശിവകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ച കോടതി കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ക്ഷീര വികസന വകുപ്പു ഡയറക്ടറോടും ഡെപ്യൂട്ടി ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടക്കാല അപേക്ഷ പരിശോധിച്ചു നടപടിയെടുക്കാനുള്ള ചുമതല കോടതി ക്ഷീര വകുപ്പു ഡയറക്ടര്‍ക്കു മാത്രമായി നിജപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും മില്‍മ മുന്‍പും ഇപ്പോഴും സംഭരിക്കുന്നുണ്ട്. പാല്‍ വില കുറച്ചു നല്‍കുന്ന തമിഴ്‌നാട്ടില്‍ നിന്നും പാല്‍ വില അധികം നല്‍കുന്ന കേരളത്തിലേക്ക് പാല്‍ കടത്തി വില്‍പ്പന നടത്തുന്നുണ്ട്. ഇതിന് തടയിടുന്നതിനു വേണ്ടി അതിര്‍ത്തിയിലുള്ള സംഘങ്ങളില്‍ മാത്രമാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു നിശ്ചിത അളവിനു പുറമെ നല്‍കുന്ന പാലിന് പൂര്‍ണ വില നല്‍കുന്നില്ല. മലബാര്‍ മില്‍മ 1200 സംഘങ്ങളില്‍ നിന്ന് പാല്‍ സംഭരിക്കുന്നുണ്ട് അതില്‍ 52 സംഘങ്ങളില്‍ മാത്രമാണ് ഇത്തരമൊരു നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷീര കര്‍ഷകരോട് അനുഭാവപൂര്‍ണായ നിലപാടുകളാണ് മലബാര്‍ മില്‍മ എന്നും എടുത്തിട്ടുള്ളതെന്ന് ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ പറഞ്ഞു. കോവിഡ് രൂക്ഷമായി വില്‍പ്പന കുത്തനെ കുറഞ്ഞ കാലത്തുപോലും നഷ്ടമേറെ സഹിച്ച് മുഴുവന്‍ പാലും സംഭരിച്ചിട്ടുണ്ട് മില്‍മ. മില്‍മയെ അപകീര്‍ത്തിപ്പെടുത്താനുള്ള കുത്സിത ശ്രമം സോഷ്യല്‍ മീഡിയകള്‍വഴി ചില തത്പര കക്ഷികള്‍ നടത്തുന്നുണ്ട്. നിജസ്ഥിതി മനസിലാക്കി അവരെ ക്ഷീര കര്‍ഷകര്‍ ഒറ്റപ്പെടുത്തണമെന്നും കെഎസ് മണി പറഞ്ഞു.












Click it and Unblock the Notifications