ശബരിമല: സർക്കാർ വിശ്വാസികൾക്കൊപ്പം, റിവ്യൂ ഹര്‍ജി നിലനിൽക്കില്ലെന്ന് എകെ ബാലന്‍
കോഴിക്കോട്: ശബരിമല വിഷയത്തിൽ വിശ്വാസികള്‍ക്കെതിരായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ. ഭരണഘടന വിധേയമായി സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1991 ലെ ഹൈക്കോടതി വിധിക്കെതിരെ പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊന്നും അപ്പീല്‍ നല്‍കിയിട്ടില്ല.
12 വര്‍ഷത്തെ വാദത്തിനും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നിഗമനത്തിന്റെയും അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധി. ഭരണഘടനാ ബഞ്ചിന്റെ ഈ വിധിക്കെതിരെ പുന:പരിശോധന ഹരജി നിലനില്‍ക്കില്ല. ആരുടെയും വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും നടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. തുല്യനീതിയാണ് ലക്ഷ്യം. സ്ത്രീവിവേചനം പാടില്ല. വിശ്വാസികളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ വസ്തുതകള്‍ മറച്ചു വെക്കുകയാണെന്നും മന്ത്രി പറഞ്ഞു. നാദാപുരം ആവോലത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് അമ്മ സംഘടനയും ഡബ്ലുസിസിയുമായുള്ള തര്‍ക്കം സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ പാടില്ല. പ്രസിഡണ്ട് മോഹന്‍ലാലിന്റെ അനുരഞ്ജന ശ്രമങ്ങള്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ സംഘടനയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഉറപ്പാക്കണമെന്ന ഡബ്ലു സി സി ആവശ്യത്തെ സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നു. അമ്മയും ഡബ്ലുസിസിയും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണം. ഇതുസംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അക്രമത്തിനിരയായ സിനിമാനടിയുടെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റി രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
നവകേരള നിര്‍മാണത്തിന് ലോകത്തുള്ള എല്ലാ മലയാളികളുടെയും മനസ് കേരളത്തോടൊപ്പമാണ്. മന്ത്രിമാരുടെ വിദേശയാത്രയിലൂടെ 1000 കോടി രൂപ ശേഖരിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഈ ദൗത്യമാണ് യാത്രാ നിഷേധത്തിലൂടെ നഷ്ടമായത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ സര്‍ക്കാറിനൊപ്പമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications