ഗ്വാളിയാര്‍ റയോണ്‍ ഏറ്റെടുക്കും, ഓണ്‍ലൈന്‍ ടാക്‌സികള്‍ നല്ലത്: മന്ത്രി ഇ.പി ജയരാജന്‍
ഗ്വാളിയാര്‍ റയോണ്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കും:നടപടികള്‍ തുടങ്ങിയെന്ന്! ഓണ്‍ലൈന്‍ ടാക്‌സികള്‍ നല്ലതെന്ന് മന്ത്രി ഇപി ജയരാജന്‍
കോഴിക്കോട്: മാവൂര്‍ ഗ്വാളിയാര്‍ റയോണ്‍സ് ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് വ്യവസായമന്ത്രി ഇപി ജയരാജന്‍. റയോണ്‍സ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ആ സ്ഥലത്ത് അനുയോജ്യമായ വ്യവസായ സംരംഭം തുടങ്ങാനാണ് ശ്രമം. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായ മന്ത്രി ചേംബര്‍ നല്‍കിയ നിവേദനത്തിന് മറുപടി നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കെതിരെയുള്ള അക്രമം തടയാന്‍ നടപടികളെടുക്കാന്‍ നഗരസഭാ മേയറോട് ആവശ്യപ്പെടും. ഓണ്‍ലൈന്‍ ടാക്‌സി നല്ല സംവിധാനമാണ്.
മിഠായി തെരുവില്‍ പാര്‍ക്കിങും ഗതാഗത സൗകര്യവും അനുവദിക്കുന്ന കാര്യം ജില്ലാ കലക്ടറുടെയും മേയറുടെയും ശ്രദ്ധയില്‍പെടുത്തും. പാര്‍ക്കിങ് സംവിധാനം വ്യാപാരത്തിന് അത്യാവശ്യമായ കാലമാണിത്. ആരും നടന്നു പോയി കച്ചവടം നടത്തില്ല. ഇക്കാര്യത്തില്‍ ആവശ്യമായ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മിഠായി തെരുവില്‍ 70 ശതമാനം കച്ചവടം കുറഞ്ഞിരിക്കയാണെന്നും 40 ശതമാനം കടകള്‍ പൂട്ടിയതായും നിവേദനത്തില്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ ഒരു വര്‍ഷത്തിനകം മിഠായി തെരുവ് ഇല്ലാതാകും. കോഴിക്കോട്ടെ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മാണം, സ്‌പോര്‍ട്‌സ് വില്ലേജ് എന്നീ പദ്ധതികളുടെ കാര്യം പഠിച്ചു പറയാമെന്നും വ്യവസായ മന്ത്രി അറിയിച്ചു.

കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യക്കകത്തും വിദേശത്തും വിപണി കണ്ടെത്തുന്നതിന് വാണിജ്യ മിഷന്‍ 9 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിന്റെ വ്യാപാര രംഗം അന്തര്‍ദേശീയ രംഗത്തേക്ക് വ്യാപിക്കുകയാണ് ലക്ഷ്യം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്പ്, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയടക്കം മാര്‍ക്കറ്റ് ഉണ്ടാക്കും.വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വില കുറച്ചും ഗുണമേന്മയോടും നല്‍കുകയും ചെയ്യും.
വ്യവസായ സംരംഭകരെ സര്‍ക്കാര്‍ നിരാശരാക്കില്ല. ഒന്നിനും സര്‍ക്കാര്‍ തടസം നില്‍ക്കില്ല. സ്ഥലം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ നല്‍കും. ആവശ്യമായ രേഖകള്‍ ഒരു മാസത്തിനകം ശരിയാക്കി നല്‍കാനാണ് നിര്‍ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളെല്ലാം ഉപയോഗ്യശൂന്യമാണ്. ഇത് ശരിയാക്കി വ്യവസായ സംരംഭകര്‍ക്ക് നല്‍കും. നിക്ഷേപകരുടെ ജില്ലാ തല യോഗവും വിളിക്കും. വ്യവസായ വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാറിന്റേത്. കിഫ്ബിയില്‍നിന്ന് 500 കോടി വാങ്ങി എല്ലാ പഞ്ചായത്തിലും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കും. 57 കേന്ദ്രങ്ങളില്‍ സ്ഥലം കണ്ടെത്തി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മുന്‍ പ്രസിഡന്റ് ഐപ് തോമസ് അധ്യക്ഷനയിരുന്നു. സുബൈര്‍ കൊളക്കാടന്‍ പ്രസിഡന്റും രാജേഷ് കുഞ്ഞപ്പന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ചുമതലയേറ്റത്. ടിപി അഹമ്മദ് കോയ, ഡോ. എ.എം. ശരീഫ്, എം മുസമ്മില്‍, പിഎ ആസിഫ്, ഡോ. കെ മൊയ്തു,സിഇ ചാക്കുണ്ണി, പിടിഎസ് ഉണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications